ദുബായ്: യു.എ.ഇ.യില്‍ ക്രിക്കറ്റ് അക്കാദമി ആരംഭിക്കാന്‍ മുന്‍ ഇന്ത്യന്‍താരം റോബിന്‍സിങ്ങും എത്തി. യു.എ.ഇ.യില്‍ വിവിധ ഭാഗങ്ങളില്‍ കോച്ചിങ് സെന്ററുകള്‍ തുടങ്ങാനാണ് റോബിന്‍സിങ് ലക്ഷ്യമിടുന്നത്.
 
ഐ.പി.എല്‍. അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ യു.എ.ഇ. യില്‍നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നതിന് പാകത്തിലുള്ള പരിശീലനം ആണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് റോബിന്‍സിങ് പറഞ്ഞു. യു.എ.ഇ.യില്‍ താമസിച്ച് മുഴുവന്‍ സമയവും അക്കാദമിയുടെ മേല്‍നോട്ടം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. നിലവിലെ മികച്ച ടീം ഇന്ത്യയുടേതാണെന്ന് പറയുമ്പോള്‍ തന്നെ മറ്റു ടീമുകളുടെ അവസ്ഥ നോക്കണം. ശ്രീലങ്ക ഇന്ത്യക്കുമുന്നില്‍ ഇത്ര ദാരുണമായി അടിയറവു പറയുമെന്ന് കരുതിയില്ല.
 
ട്വന്റി ട്വന്റി അടക്കം നിരവധി ടൂര്‍ണമെന്റുകളില്‍ കളിക്കാര്‍ക്ക് പങ്കെടുക്കേണ്ടി വരുന്നത് നിലവാരത്തെ ബാധിക്കുന്നു. ഫാസ്റ്റ് ബൗളര്‍മാരാണ് ഇതിന് ഏറ്റവും വിലകൊടുക്കേണ്ടി വരുന്നതെന്നും റോബിന്‍സിങ് പറഞ്ഞു.