ദുബായ്: കേരളത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാസലോകത്ത് ഹൃദ്രോഗികളുടെ ശതമാനത്തില്‍ വര്‍ധന പ്രകടമാണെന്ന് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം പത്രസമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിന്റെ നഗര പ്രദേശങ്ങളില്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ എട്ട് ശതമാനമാണ് ഹൃദ്രോഗികളുടെ നിരക്ക്. ഗ്രാമങ്ങളില്‍ ഇത് നാല് ശതമാനം മാത്രമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കൂടിയ നിരക്കാണിത്. പ്രവാസികള്‍ക്കിടയില്‍ കേരള ശരാശരിയെക്കാളും കൂടുതലായാണ് ഈ രോഗ ലക്ഷണം. ഇവിടത്തെ ഭക്ഷണ രീതികളും ജീവിത സാഹചര്യങ്ങളും സമ്മര്‍ദങ്ങളുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷണത്തില്‍ കൊഴുപ്പ് കൂടുന്നത് കൊളസ്‌ട്രോള്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്. ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നാല്‍ അമിതമാവുമ്പോഴാണ് ഇതും പ്രശ്‌നമാകുന്നത്. 60 ശതമാനം കാര്‍ബോഹൈഡ്രേറ്റ്, 20 ശതമമാനം വീതം പ്രോട്ടീനും കൊഴുപ്പും എന്നതാവണം നമ്മുടെ ഭക്ഷണത്തിന്റെ രീതി. ഇതില്‍ കൊഴുപ്പ് ക്രമാതീതമായി കൂടുമ്പോഴാണ് പ്രശ്‌നം. ഭക്ഷണത്തില്‍ ഇത് നിയന്ത്രിക്കുകയും കൃത്യമായി വ്യായാമംചെയ്യുകയും ചെയ്താല്‍ രോഗങ്ങളെ വലിയ രീതിയില്‍ മാറ്റിനിര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.

അമല മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഡോ. ജോസ് ചാക്കോയുടെ സേവനം യു.എ.ഇ.യിലും ഇനി മുതല്‍ ലഭ്യമാക്കുന്നുണ്ടെന്ന് അമല ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് അറിയിച്ചു. ഇവിടെ ചികിത്സ തുടങ്ങാനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായും മാസത്തില്‍ നിശ്ചിത ദിവസം ഇവിടെ ക്യാമ്പ് ചെയ്യാനുമാണ് പരിപാടി. ജാക്കി റഹ്മാനും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.