ദുബായ്: ജനങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കും മുന്‍ഗണന നല്‍കുന്ന രാജ്യം സന്തോഷദിനത്തെ വരവേറ്റത് അത്യാഹ്ലാദത്തോടെ. അന്താരാഷ്ട്ര സന്തോഷദിനമായ തിങ്കളാഴ്ച യു.എ.ഇ.യിലെ ഗവണ്‍മെന്റ് ഓഫീസുകളിലും സ്ഥാപനങ്ങളിലുമൊക്കെ ആഘോഷപരിപാടികള്‍ നടന്നു. 'നാഷനല്‍ ഹാപ്പിനസ് ആന്‍ഡ് പോസ്റ്റിവിറ്റി പ്രോഗ്രാമി'ല്‍ ഉള്‍പ്പെടുത്തിയാണ് ഗവണ്‍മെന്റ് വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ പരിപാടികള്‍ നടന്നത്. ഹാപ്പിനസ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.

ഇക്കോണമി ക്ലാസ് യാത്രികരിലെ ചിലര്‍ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് സമ്മാനിച്ചുകൊണ്ടായിരുന്നു എമിറേറ്റ്‌സ് സന്തോഷദിനം ആഘോഷമാക്കിയത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ എത്തിയ വേളിയല്‍, ബിസിനസ് ക്ലാസിലേക്ക് 'സ്ഥാനക്കയറ്റം' ലഭിച്ചതായി അറിയുന്ന യാത്രികരുടെ സന്തോഷ പ്രകടനത്തിന്റെ ദൃശ്യങ്ങളും എമിറേറ്റ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് ടിക്കറ്റ് സമ്മാനിച്ചുകൊണ്ടാണ് എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് സന്തോഷം പകര്‍ന്നത്. ജീവനക്കാര്‍ക്ക് ഇന്‍സ്റ്റഗ്രാം പേജില്‍ പടങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു.

ദുബായ് മുനിസിപ്പാലിറ്റിയില്‍ നടന്ന ആഘോഷപരിപാടിയില്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഹുസ്സൈന്‍ നാസര്‍ ലൂത്ത കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ ജനറല്‍മാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും മുഴുവന്‍ ജീവനക്കാരും സന്നിഹിതരായിരുന്നു. സന്തോഷത്തിന്റെ പ്രതീകത്തോടുകൂടിയ സമ്മാനങ്ങളും വിതരണം ചെയ്തു. ബലൂണുകളും തോരണങ്ങളുമായി അലങ്കരിച്ച ഹാളിലായിരുന്നു ആഘോഷ പരിപാടികള്‍.

ദുബായ് റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ സന്തോഷത്തെക്കുറിച്ചുള്ള പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 15 പ്രഭാഷകരാണ് വിവിധ വിഷയങ്ങളെ ആസ്​പദമാക്കി സംസാരിച്ചത്.