അബുദാബി: എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൗഹൃദചാരിറ്റബിള്‍ ട്രസ്റ്റിന് ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസഫലി പത്തുലക്ഷം രൂപ സഹായധനം നല്‍കി. അബുദാബിയിലെ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന ചിറയിന്‍കീഴ് അന്‍സാറിന്റെ സ്മരണാര്‍ഥം ഫ്രണ്ട്‌സ് എ.ഡി.എം.എസ്. നല്‍കുന്ന പുരസ്‌കാര വേദിയിലാണ് ട്രസ്റ്റിന് യൂസഫലി സഹായധനം പ്രഖ്യാപിച്ചത്.

ഫ്രണ്ട്‌സ് എ.ഡി.എം.എസ്. നല്‍കുന്ന ഒരു ലക്ഷം രൂപക്കും പ്രശസ്തിപത്രത്തിനും പുറമെയാണ് ഈ പുരസ്‌കാരം. ചടങ്ങിനോടനുബന്ധിച്ച് മജീഷ്യന്‍ മുതുകാടിന്റെ മാന്ത്രിക പ്രകടനവും നടന്നു. അബുദാബി മലയാളി സമാജത്തില്‍ നടന്ന പുരസ്‌കാരദാനച്ചടങ്ങിന് പ്രസിഡന്റ് സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്​പീക്കര്‍ വി. ശശി മുഖ്യാതിഥിയായിരുന്നു. സഹൃദയയുടെ പുരസ്‌കാരം ഫാ. പോള്‍ ചെറുപ്പുള്ളിക്ക് എം.എ. യൂസഫലിയും വി. ശശിയും ചേര്‍ന്ന് സമ്മാനിച്ചു. പോള്‍ ചെറുപ്പുള്ളി സഹൃദയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഫ്രണ്ട്‌സ് എ.ഡി.എം.എസ്. രക്ഷാധികാരി ടി.എ. നാസര്‍, സമാജം പ്രസിഡന്റ് വക്കം ജയലാല്‍, കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം.എ. സലാം, മോളി ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.