അല്‍ഐന്‍: വീട്ടുവളപ്പില്‍ ഓടികളിക്കുന്നതിനിടെ ബന്ധുക്കളായ മൂന്ന് ഇമാറാത്തി കുട്ടികള്‍ കിണറില്‍ വീണുമരിച്ചു. ഒരു കുട്ടിയെ അഗ്നിശമന വിഭാഗം പരിക്കുകളോടെ രക്ഷപ്പെടുത്തി. നാലിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.

അല്‍ഐന്‍ ഹീലിയിലെ അല്‍ നായിഫയിലാണ് ദുരന്തം. വീടിനുപിറകിലെ പറമ്പില്‍ പൂച്ചയെ ഓടിച്ചുകളിക്കുന്നതിനിടെ കിണറിനെ മൂടിയ പലക പൊളിഞ്ഞതാണ് അപകടകാരണമെന്ന് അബുദാബി പോലീസ് അറിയിച്ചു. വളരെ ആഴത്തില്‍ കുഴിച്ച കിണറാണിത്. ആള്‍മറ കെട്ടിയുയര്‍ത്തുന്നതിനുപകരം മുകളില്‍ പലകയടിച്ച് മൂടുകയാണ് ചെയ്തിരുന്നത്.

അപകടം നടന്നയുടന്‍ രക്ഷാസംഘത്തെ അയച്ചിരുന്നുവെങ്കിലും സംഘം നായിഫയില്‍ എത്തുമ്പോഴേക്കും മൂന്നുകുട്ടികളും മരിച്ചിരുന്നതായി അല്‍ഐന്‍ അടിയന്തിര രക്ഷാവിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു.
കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് പോലീസ് ഓര്‍മിപ്പിച്ചു. കിണറുകളും കുഴികളുമൊക്കെ ശരിയാംവണ്ണം അടച്ച് സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടി.