അബുദാബി: വാഹന നിറങ്ങള്‍ക്കുപുറമേ യൂണിഫോമിലും മാറ്റങ്ങള്‍ വരുത്തി അബുദാബി പോലീസ്. പച്ചനിറത്തിലുള്ള പരമ്പരാഗത പോലീസ് യൂണിഫോമാണ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി മാറ്റുന്നത്. വിവിധ പദവികള്‍ക്കനുസരിച്ച് ഇളം തവിട്ട്, കടുംചാരം, കടുംനീല എന്നീ നിറങ്ങളാണ് പോലീസ് യൂണിഫോമിന് നല്‍കിയിരിക്കുന്നത്. പുതിയ നിറത്തിലുള്ള യൂണിഫോം നവംബര്‍ 21-ന് നിലവില്‍ വരും. അബുദാബി ആംഡ് ഫോഴ്‌സ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പുതിയ യൂണിഫോമിന്റെ പ്രകാശനം അബുദാബി പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി നിര്‍വഹിച്ചു.

പോലീസിന്റെ ചുവന്ന ഷൂസിനുപകരം കറുപ്പും വെളുപ്പുമാണ് വകുപ്പനുസരിച്ച് നല്‍കിയിരിക്കുന്നത്. ജനറല്‍ പോലീസ്, ഓഫീസ് വിഭാഗം, പ്രത്യേക സേന, പട്രോളിങ് വകുപ്പ്, വനിതാപോലീസ് എന്നിങ്ങനെ തരം തിരിച്ചുള്ളതാണ് പുതിയ യൂണിഫോം. പോലീസ് ജനറല്‍ വിഭാഗത്തിന് ഇളം തവിട്ട് നിറമുള്ള സ്യൂട്ടാണ് യൂണിഫോം. തൊപ്പിയും കറുത്ത ഷൂസുമാണ് ഇതിനൊപ്പം. ഓഫീസ് വിഭാഗത്തിന് ഇളം തവിട്ട് നിറമുള്ള യൂണിഫോമും കറുത്ത ഷൂസുമാക്കി. പ്രത്യേക സേനയ്ക്ക് ചാരനിറത്തിലുള്ള മിലിട്ടറി സേനയുടേതിന് സമാനമായ യൂണിഫോം ആണ്. ഷൂസിനും ചാരനിറം തന്നെ. പട്രോളിങ് വകുപ്പിന് ഓഫീസ് വിഭാഗത്തിന്റേതിന് സമാനമായ യൂണിഫോം ആണെങ്കിലും ചാരനിറമുള്ള ഷൂസ് നല്‍കി. വനിതാ പോലീസില്‍ കടുംചാരനിറം ഓഫീസ് വിഭാഗത്തിനും പട്രോളിങ് വിഭാഗത്തിന് കടുംനീലനിറവും നല്‍കി.

പോലീസ് യൂണിഫോമിലെ പ്രകടമായ മാറ്റം സ്യൂട്ടും ടൈയ്യും വന്നതാണ്. കഴിഞ്ഞ മാസമാണ് അബുദാബി പോലീസിന്റെ വാഹനങ്ങളുടെ നിറം ചുവപ്പില്‍നിന്ന് നീലയാക്കി മാറ്റിയതും പുതിയ രീതിയിലുള്ള തിരിച്ചറിയല്‍ ബാഡ്ജ് അവതരിപ്പിച്ചതും.