നെടുമ്പാശ്ശേരി: അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കു കഴിഞ്ഞു. ഇനിയുള്ള മൂന്നു മാസം ഓഫറുകളുടെ കാലമാണ്. ഈ മാസം 20 വരെ സാധാരണയുള്ളതിനെക്കാള്‍ കൂടിയ നിരക്കാണ് വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷം ഗള്‍ഫിലേക്കുള്ള നിരക്ക്്് പതിനായിരത്തില്‍ താഴെയാകും.

ഒക്ടോബര്‍ ആകുമ്പോഴേയ്ക്കും മടക്കയാത്ര അടക്കമുള്ള ടിക്കറ്റിന് ദുബായിലേക്കും മറ്റും 11,000 രൂപ നല്‍കിയാല്‍ മതിയാകും. അവധിക്കാലത്ത് നാട്ടിലെത്തിയവരും ഓണം, ബക്രീദ് ആഘോഷങ്ങള്‍ക്കായി എത്തിയവരും ഗള്‍ഫിലേക്ക് മടങ്ങിപ്പോകുന്ന സമയമായതിനാല്‍ ഈ മാസം ആദ്യം വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
 
ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറന്നതോടെ നാട്ടിലെത്തിയവരെല്ലാം മടങ്ങിപ്പോയി. യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ പതിവുതന്ത്രം ഇക്കുറി കാര്യമായി ഏശിയില്ല. മുന്‍ വര്‍ഷങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്താറുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ് കിട്ടണമെങ്കില്‍ 40,000 മുതല്‍ 60,000 രൂപ വരെ നല്‍കണമായിരുന്നു. തന്നെയുമല്ല, ടിക്കറ്റിനായി യാത്രക്കാര്‍ നെട്ടോട്ടമോടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.
 
ഇക്കുറിയും തിരക്കുണ്ടായെങ്കിലും മുന്‍ വര്‍ഷങ്ങളിലേതു പോലുള്ള അവസ്ഥയില്ലായിരുന്നു. ടിക്കറ്റിനായി പരക്കംപായേണ്ട സ്ഥിതിയുമുണ്ടായില്ല. കൂടുതല്‍ സര്‍വീസുകള്‍ ആയതോടെ യാത്രക്കാരുടെ വന്‍ തള്ളിക്കയറ്റം ഇപ്പോഴില്ല. അതിനാല്‍ നിരക്ക്് വലിയ തോതില്‍ കൂട്ടാനായില്ല. ഓഗസ്റ്റ് അവസാനം വരെ 20,000 മുതല്‍ 30,000 രൂപ വരെ നിരക്കില്‍ ഗള്‍ഫിലേക്ക് ടിക്കറ്റ്്് കിട്ടി. ദുബായിലേക്കും അബുദാബിയിലേക്കും 20,000 രൂപയില്‍ താഴെ നിരക്കിലും ടിക്കറ്റ് കിട്ടിയിരുന്നു.
 
സൗദിയിലേക്കും ഖത്തറിലേക്കും മാത്രമാണ് കൂടുതല്‍ നിരക്കുണ്ടായിരുന്നത്. 30,000 രൂപ മുതല്‍ 40,000 രൂപ വരെ ഈടാക്കി. ബക്രീദും ഓണവും കഴിഞ്ഞ് മടങ്ങുന്നവരുടെ കൂടി തിരക്കുണ്ടായിരുന്നതിനാല്‍ സെപ്റ്റംബര്‍ ആദ്യവാരം ഗള്‍ഫിലേക്കുള്ള നിരക്ക് കൂടുതലായിരുന്നു. 30,000 രൂപ മുതല്‍ 40,000 രൂപ വരെയായിരുന്നു കൂടിയ നിരക്ക്്. തിരക്കില്ലാത്ത സമയത്ത് 5,500 മുതല്‍ 9,000 രൂപയ്ക്കു വരെ വില്‍ക്കുന്ന ടിക്കറ്റിനാണ് തിരക്കുള്ള സമയത്ത് ആറി രട്ടി വരെ കൂട്ടുന്നത്.
 
കമ്പനികള്‍ പല സ്ലാബുകളായി തിരിച്ചാണ് ടിക്കറ്റ് വിറ്റഴിക്കുന്നത്. തിരക്കു കൂടുമ്പോള്‍ ഉയര്‍ന്ന സ്ലാബിലുള്ള ടിക്കറ്റ് മാത്രമെ അവര്‍ വിറ്റഴിക്കൂ. ഗള്‍ഫില്‍ സ്‌കൂള്‍ അടയ്ക്കുന്ന ജൂണ്‍, ജൂലായ് മാസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെടും. അവധിക്ക് എത്തുന്നവരുടെ മടക്കം തുടര്‍ന്ന്്് ഓഗസ്റ്റ്്, സെപ്റ്റംബര്‍ മാസങ്ങളിലാണ്. ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കുന്നത്.