ദുബായ്: ഫെയ്‌സ്ബുക്കില്‍ വ്യാജചിത്രങ്ങള്‍ ഉപയോഗിച്ച് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയ മലയാളിയെ രണ്ടരലക്ഷംദിര്‍ഹം (45 ലക്ഷം രൂപയോളം) പിഴയടയ്ക്കാനും അതിനുശേഷം നാടുകടത്താനും ദുബായ് കോടതി വിധിച്ചു. തൃശ്ശൂര്‍ സ്വദേശി ബിനീഷ് അറുമുഖനെയാണ് കോടതി ശിക്ഷിച്ചത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ദുബായില്‍വെച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് എതിരെയായിരുന്നു വ്യാജപ്രചാരണം.

മലബാര്‍ ഗോള്‍ഡിന്റെ ശാഖയില്‍ പാകിസ്താന്റെ ദേശീയദിനാഘോഷം കേക്കുമുറിച്ച് ആഘോഷിക്കുന്നു എന്നപേരില്‍ മറ്റൊരു സ്ഥാപനത്തില്‍ നടന്ന ആഘോഷത്തിന്റെ ചിത്രം ബിനീഷ് അറുമുഖന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്യുകയായിരുന്നു. മലബാര്‍ ഗോള്‍ഡില്‍ ജീവനക്കാരനായിരുന്ന ബിനീഷ് പിന്നീട് മറ്റൊരുസ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു. പരാതിയുയര്‍ന്ന ഉടന്‍ ദുബായ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് ബിനീഷിനെ അറസ്റ്റുചെയ്തു.

മാനുഷികപരിഗണനവെച്ച് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പരാതി പിന്‍വലിച്ചെങ്കിലും യു.എ.ഇ. ഗവണ്‍മെന്റിന്റെ പബ്ലിക് പ്രോസിക്യൂഷനാണ് ഈ കേസ് സൈബര്‍ കുറ്റകൃത്യമെന്നനിലയില്‍ ഏറ്റെടുത്ത് കോടതിയിലെത്തിച്ചത്. അതിന്റെ വിധിയാണ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. നേരത്തെ പാസ്‌പോര്‍ട്ട് പോലീസില്‍ ഏല്‍പ്പിച്ച് പുറത്തിറങ്ങിയ ബിനീഷിനെ പോലീസ് വീണ്ടും അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു. രണ്ടരലക്ഷം ദിര്‍ഹം പിഴയടയ്ക്കാനും വെബ്‌സൈറ്റിലെ ഫോട്ടോകളെല്ലാം നീക്കംചെയ്ത് ഒരുവര്‍ഷത്തേക്ക് അത് നിര്‍ജീവമാക്കാനും വിധിയിലുണ്ട്. പിഴയടച്ചശേഷം പ്രതിയെ നാടുകടത്താനാണ് വിധിയില്‍ പറയുന്നത്. സര്‍ക്കാരിലേക്കാണ് പിഴസംഖ്യ അടയ്‌ക്കേണ്ടത്.