ദുബായ്: തന്റെ റോള്‍സ് റോയ്‌സ് കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 60 കോടി രൂപയോളം ചിലവിട്ട ഇന്ത്യന്‍ ബിസിനസുകാരന്‍ വീണ്ടു ഞെട്ടിച്ചു. ഇത്തവണ ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാനായി 8 കോടി പത്തുലക്ഷത്തോളം രൂപയാണ് ബല്‍വീന്ദര്‍ സഹ്നി ചെലവഴിച്ചിരിക്കുന്നത്. 058-8888888 എന്ന നമ്പറാണ് ഇത്രയും തുക നല്‍കി സഹ്നി സ്വന്തമാക്കിയത്.

എന്നാല്‍ തന്റെ സ്വകാര്യ ആവശ്യത്തിന് ഈ നമ്പര്‍ ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പര്‍ സ്വന്തമാക്കി രണ്ടു മണിക്കൂറിനുള്ളില്‍ ആയിരത്തിലധികം കോളുകളാണ് ഇതിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.

സഹ്നി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ 'ഡി5' നമ്പര്‍ പ്ലേറ്റ് സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. അനധികൃത പാര്‍ക്കിങ് നടത്തിയെന്ന് ആരോപിച്ച് ഇയാള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബായ് പോലീസ് പിടികൂടുകയും ചെയ്തിരുന്നു. 

D5
താന്‍ ഇത്രയും പണം ചെലവിടുന്നത് ദുബായ് സര്‍ക്കാര്‍ ഇതിലൂടെ ലഭിക്കുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാണെന്നാണ് ബല്‍വീന്ദര്‍ സഹ്നിയുടെ വാദം. ഇതിലൂടെ തനിക്കും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാമെന്നും അദ്ദേഹം പറഞ്ഞു. 

ഈ നമ്പര്‍ വാങ്ങണമെന്നാഗ്രഹിച്ചാണ് ഞാന്‍ പോയത്. മറ്റൊരു നമ്പറും എനിക്കാവശ്യമില്ല. എന്റെ ആഗ്രഹിത്തിന് ഒരു പരിധിയും ഞാന്‍ വെക്കാറില്ലെന്നും സഹ്നി പറഞ്ഞു.