ദുബായ്: യു.എ.ഇ.യുടെ ഭാവിയെക്കുറിച്ചുള്ള ദർശനം സാക്ഷാത്കരിക്കാൻ സ്ത്രീകളുടെ സംഭാവനകൾ അനിവാര്യമാണ്. അതിനാൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള പരിതസ്ഥിതി സൃഷ്ടിക്കേണ്ടതുണ്ടെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും  ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. പൊതു-സ്വകാര്യ തൊഴിൽമേഖലയ്ക്കുള്ള ലിംഗസമത്വ മാർഗനിർദേശ രേഖ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
 
െജൻഡർ ബാലൻസ് കൗൺസിലാണ് ലോകത്തിലെതന്നെ ആദ്യ ലിംഗ സമത്വ മാർഗനിർദേശ രേഖ പുറത്തിറക്കിയത്. യു.എ.ഇ. തൊഴിൽ മേഖലയിൽ ലിംഗസമത്വം കൊണ്ടുവരാനും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനും െജൻഡർ ബാലൻസ് ഗൈഡ് സഹായമാകും.
 
വളർച്ചയുടെ പാതയിൽ ആഗോളതലത്തിൽ യു.എ.ഇ.യുടെ സ്ഥാനം ഉയർത്താൻ  2015-ലാണ് െജൻഡർ ബാലൻസ് കൗൺസിൽ ആരംഭിച്ചത്. ഗൈഡ് മുന്നോട്ടുവെയ്ക്കുന്ന മാർഗനിർദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ‘‘നമ്മുടെ ഭരണഘടന യു.എ.ഇ.യിലെ എല്ലാ പൗരന്മാർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നു. ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് വിവിധ മേഖലകളിലെ സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും’’- ശൈഖ് മുഹമ്മദ് പറഞ്ഞു.
 
യു.എ.ഇ.യിലുടനീളമുള്ള സ്ഥാപനങ്ങളിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കാനുള്ള മാർഗനിർദേശങ്ങളാണ് ‘ദി െജൻഡർ ബാലൻസ് ഗൈഡ്; ആക്്ഷൻസ് ഫോർ യു.എ.ഇ. ഓർഗനൈസേഷൻസ്’ മുന്നോട്ടുെവയ്ക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ മേഖലകളിലും ഒരുപോലെ തൊഴിൽ ചെയ്യാനുള്ള പരിസ്ഥിതി സൃഷ്ടിക്കാൻ ഈ മാർഗനിർദേശങ്ങൾ സ്ഥാപനങ്ങൾക്ക് സഹായമാകും. സാങ്കേതിക മേഖലകളിലുൾപ്പെടെ സ്ത്രീകളെ നേതൃസ്ഥാനങ്ങളിൽ കൊണ്ടുവന്നു ലിംഗസമത്വം മെച്ചപ്പെടുത്തുന്ന െജൻഡർ ബാലൻസ് സൂചകങ്ങളോടെയാണ് ഗൈഡ് പുറത്തിറങ്ങിയിരിക്കുന്നത്.