ദുബായ്: ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ നോട്ടുകള്‍ സ്വന്തമാക്കുന്ന കോഴിക്കോട് സ്വദേശി ലത്തീഫ് പതിവുതെറ്റിച്ചില്ല.

ഈയിടെ പുറത്തിറങ്ങിയ 50 രൂപ, 200 രൂപ നോട്ടുകളും അദ്ദേഹത്തിന്റെ ശേഖരത്തിലെത്തി. ആദ്യമായി ഈ കറന്‍സിനോട്ടുകള്‍ സ്വന്തമാക്കിയ പ്രവാസി മലയാളിയും ലത്തീഫ് തന്നെയാവണം.

ദുബായില്‍ ജോലിചെയ്യുന്ന ലത്തീഫ് റിസര്‍വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ സ്വന്തമാക്കുകയായിരുന്നു. 2017-ല്‍ ഇറങ്ങിയ പുതിയ 500 രൂപയുടെയും 2016-ല്‍ ഇറങ്ങിയ 2000 രൂപയുടെയും 2015-ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസംതന്നെ സ്വന്തമാക്കി ലത്തീഫ് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 2017 ഓഗസ്റ്റ് 25-ന് പുറത്തിറക്കിയ നോട്ടുകളില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ കൈയൊപ്പാണുള്ളത്.

പ്രവാസലോകത്തെ തിരക്കുജീവിതത്തില്‍നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് ലത്തീഫ് നോട്ടുശേഖരണം ഹോബിയാക്കിയത്. വിശേഷദിവസങ്ങളില്‍ സര്‍ക്കാര്‍ ഇറക്കുന്ന 1000 രൂപയുടെയും 500 രൂപയുടെയും നാണയങ്ങള്‍ റിസര്‍വ് ബാങ്കില്‍നിന്ന് ലത്തീഫ് സ്വന്തമാക്കാറുണ്ട്. ദുബായ് സര്‍ക്കാരിന്റെ 100 ദിര്‍ഹത്തിന്റെ നാണയവും ദുബായ് റിസര്‍വ് ബാങ്കില്‍നിന്ന് ലത്തീഫ് ശേഖരിച്ചിരുന്നു.

പ്രമുഖവ്യക്തികളുടെ ജന്മദിനത്തിന്റെ അക്കങ്ങളുള്ള തന്റെ ശേഖരത്തിലുള്ള നോട്ടുകള്‍ ഉപയോഗിച്ച് പ്രത്യേക ഉപഹാരം സമ്മാനിക്കുന്നതാണ് ലത്തീഫിന്റെ വിനോദത്തിന്റെ മറ്റൊരു ഭാഗം. പുതിയ ഇന്ത്യന്‍ പ്രസിഡന്റിന്റെ ജന്മദിന അക്കമുള്ള നോട്ടുകള്‍ ശേഖരിച്ച് അദ്ദേഹത്തിന് സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ലത്തീഫ്.

പ്രശസ്തരുടെ ജനനത്തീയതി ഇന്ത്യന്‍രൂപയിലെ സീരിയല്‍ നമ്പറുമായി ബന്ധിപ്പിച്ച് നോട്ടുകള്‍ ശേഖരിക്കുന്ന ലത്തീഫ് ഇതിനകം പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഫ്രെയിംചെയ്ത ജന്മദിനനോട്ടുകള്‍ അദ്ദേഹത്തിന് സമ്മാനിക്കാന്‍ ഒരവസരത്തിനുവേണ്ടി കാത്തുനില്‍ക്കുകയാണ്. ദേര നൈഫില്‍ ബിസിനസ് ചെയ്യുന്ന ലത്തീഫ്.