കേരളത്തില്‍ വേരുകളുള്ള, തമിഴ്നാടിന്റെ പ്രിയപ്പെട്ട മകനാണ് റഹ്മാന്‍. എന്നാല്‍ ആരാധകരുടെ കാര്യത്തില്‍ അത് ലോകമാകെ നിറഞ്ഞുനില്‍ക്കുന്നു. ഏത് കോണില്‍ പോയാലും  റഹ്മാന്റെ 'മുസ്തഫാ മുസ്തഫാ...' എന്നോ 'ഹമ്മ ഹമ്മ...'എന്നോ ഉള്ള പാട്ടിന്റെ  വാക്കുകള്‍ മൂളാത്ത ആസ്വാദകരുണ്ടാവില്ല. സംഗീതത്തിന് അതിരുകളോ ഭാഷയോ ഇല്ലെന്നതിന് തെളിവുതന്നെ അത്.

എങ്കിലും സ്റ്റേജ്  പരിപാടികളെക്കുറിച്ച്  സംസാരിക്കുമ്പോള്‍  എന്നും റഹ്മാന്റെ ഓര്‍മയിലേക്ക് ഓടിയെത്തുന്നത് 1997-ലെ ആദ്യത്തെ ദുബായ് ഷോയാണ്. ഇപ്പോള്‍ മാതൃഭൂമി ഒരുക്കുന്ന ലൈവ് ഷോയ്ക്കായി  തയ്യാറെടുക്കുമ്പോള്‍ ദുബായ് ഓര്‍മകള്‍ വീണ്ടും റഹ്മാന്‍ അനുസ്മരിക്കുന്നു ''അതൊരു വല്ലാത്ത അനുഭവമായിരുന്നു. കടുത്തപനികാരണം ഞാന്‍ വിഷമിച്ച ദിവസം. എങ്കിലും എല്ലാംമറന്ന് ഞാന്‍ പാടാന്‍തുടങ്ങി. 'മുസ്തഫാ മുസ്തഫാ...' എന്ന പാട്ടിന്റെ ആദ്യവരി ചൊല്ലിയപ്പോഴേക്കും ആയിരക്കണക്കിനായുള്ള കാണികളുടെ ആരവമാണ് മുഴങ്ങിയത്. എന്റെ എല്ലാ ക്ഷീണവും അവിടെ തീര്‍ന്നു. അവര്‍ എഴുന്നേറ്റുനിന്നും വെളിച്ചം തെളിച്ചും എന്നോട് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു.  

ഓരോ പാട്ടിനും ലഭിച്ച കൈയടി ഇപ്പോഴും ഓര്‍മയില്‍ തെളിയുന്നു. ദുബായ് അത്രമാത്രം ആവേശമാണ് നല്‍കിയത്. ഇന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചെല്ലുമ്പോള്‍ ആ ദുബായ് ഷോയെക്കുറിച്ച് ആളുകള്‍ സംസാരിക്കാറുണ്ട്. അതിന്റെ ആവേശത്തിലാണ് ഞാന്‍ ഇതാ വീണ്ടും ദുബായിലേക്കുവരുന്നത്. നമുക്ക് അതിനായി കാത്തിരിക്കാം-
മാതൃഭൂമിയുമായുള്ള സംഭാഷണത്തിനിടയില്‍ സംഗീത ചക്രവര്‍ത്തി പറഞ്ഞു.
റഹ്മാനുമായുള്ള സംഭാഷണത്തില്‍ നിന്ന്...

? താങ്കള്‍ ഒരു ഷോമാന്‍ ആണോ?

ഒരിക്കലുമല്ല. ഞാന്‍ എപ്പോഴും  സംഗീതത്തെ തേടിക്കൊണ്ടിരിക്കുന്ന ഒരാള്‍മാത്രം. പുതിയ രാഗങ്ങളെന്ന പോലെ പുതിയ സംഗീത ഉപകരണങ്ങളും കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നു. സ്റ്റേജില്‍ ഞാന്‍ സംഗീതം സംവിധാനംചെയ്യുകയോ പാടുകയോ ചെയ്യും. പക്ഷേ, ഞാന്‍ ചെയ്യാത്തത് എന്തൊക്കെയാണോ അതെല്ലാം എന്റെ കൂടെയുള്ളവര്‍ വേദിയില്‍ ചെയ്യും. അവരെല്ലാം സംഗീതലോകത്തെ മികച്ച പ്രതിഭകളാണ്. എന്റെ സംഗീതത്തിനൊപ്പം അവരുടെ പ്രതിഭയും പ്രകടനവും ചേരുമ്പോള്‍ ഷോ മികച്ചതാവുന്നു എന്നതാണ് അനുഭവം. അതാണ് എന്റെ ഷോ മികച്ചതാവാന്‍ കാരണമെന്നു തോന്നുന്നത്.

? സ്റ്റുഡിയോയിലെ റെക്കോഡിങ്ങില്‍ നിന്ന് ലൈവ് ഷോയ്ക്ക് വരുമ്പോള്‍ എന്താണ് താങ്കളുടെ മുന്നൊരുക്കങ്ങള്‍...

ആയിരങ്ങളോടാണ് നമ്മള്‍ ലൈവ് ഷോയില്‍ നേരിട്ട് സംവദിക്കുന്നത്. നിരന്തരമായ പരിശീലനമാണ് ലൈവ് ഷോകള്‍ക്ക് ആവശ്യം. എല്ലാവരുമായുള്ള ഒരുമിക്കലാണ് അവിടെ ഏറ്റവും പ്രധാനം. 2005-ല്‍ ആണെന്ന് തോന്നുന്നു, ഒരിക്കല്‍ ഹൈദരാബാദില്‍ ഒരു സ്റ്റേജ് പരിപാടിക്ക് എത്തിയപ്പോള്‍ പ്രശസ്ത സംഗീതജ്ഞ ലതാ മങ്കേഷ്‌കര്‍ ഒരു മണിക്കൂര്‍ പരിശീലിക്കുന്നത് കണ്ടു. പതിറ്റാണ്ടുകളായി ഈ രംഗത്തുള്ള, ഗാനരംഗത്തെ ഉള്ളംകൈയിലെടുക്കുന്ന ലതാജിക്ക് ഒരു മണിക്കൂര്‍ പരിശീലനം വേണ്ടിവരുമെങ്കില്‍ നമുക്കോരോരുത്തര്‍ക്കും എത്ര മണിക്കൂര്‍ വേണ്ടിവരും എന്നാണ് ഞാന്‍ എന്റെ കൂടെയുള്ളവരോട് ചോദിക്കാറുള്ളത്. സ്റ്റേജ് ഷോയെപ്പറ്റിയുള്ള എന്റെ സങ്കല്‍പ്പം തന്നെ മാറ്റിമറിച്ചത് ലതാജിയുടെ ആ പരിശീലനമായിരുന്നു. ഇപ്പോള്‍ ഞങ്ങളെല്ലാവരും നിരന്തരം പരിശീലിക്കുന്നു. ഓരോ ചെറിയകാര്യത്തില്‍പ്പോലും ഏറെ ശ്രദ്ധിക്കുന്നു. 

? കാല്‍നൂറ്റാണ്ടായിട്ടും റോജയിലെ 'ചിന്ന ചിന്ന ആശൈ...' എന്ന പാട്ട് ഇപ്പോഴും കൊണ്ടാടപ്പെടുന്നു. താങ്കളുടെ ആദ്യപാട്ട് എന്ന നിലയില്‍ അതിന്റെ പിറവിയെക്കുറിച്ച്...

തിരുടാ തിരുടാ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു ഞാന്‍ ആദ്യമായി കരാര്‍ ഒപ്പിട്ടത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ മണിരത്‌നം റോജ എന്ന സിനിമയെക്കുറിച്ച് പറഞ്ഞു. തിരുടാ തിരുടാ പിന്നെ ചെയ്യാമെന്നും. അങ്ങനെയാണ് അല്‍പ്പം വിഷാദഭാവത്തില്‍ 'ചിന്ന ചിന്ന ആശൈ...' എന്ന പാട്ടിനുവേണ്ടി സംഗീതംനല്‍കിയത്. മണിരത്‌നത്തിന് ആ ട്യൂണ്‍ ഇഷ്ടമായി. 
   അതേസമയം അതൊരു സന്തോഷഭാവത്തിലുള്ളതാക്കി മാറ്റാനും നിര്‍ദേശംവന്നു. അതിനനുസരിച്ച് വൈരമുത്തു വരികളും മാറ്റി.  മിന്‍മിനി മനോഹരമായി അത് പാടി. എല്ലാം ഒത്തുവന്നപ്പോള്‍ അതൊരു വന്‍ ഹിറ്റായി. എന്റെ ആദ്യ പാട്ട് എന്ന നിലയില്‍ എക്കാലത്തെയും നല്ല ഓര്‍മയാണ് അത്.

? എങ്ങനെയാണ് പുതിയ രാഗങ്ങളും പുതിയ സംഗീതോപകരണങ്ങളും കണ്ടെത്തുന്നത്...

ഞാന്‍ അടിസ്ഥാനപരമായി കീബോര്‍ഡ് വായിക്കുന്ന കലാകാരനാണ്. ശ്രീനിവാസന്‍ മാന്‍ഡലിന്‍ വായിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന് മനസ്സിലായത്.  പിന്നെ ഓരോന്നായി ഞാന്‍ തേടിനടക്കുകയായിരുന്നു. ഇപ്പോള്‍ അതിന് സമയം കണ്ടെത്താനാവുന്നില്ല എന്നതാണ് പ്രശ്‌നം. എല്ലാറ്റിലും സംഗീതമുണ്ട്. അത് നാം കണ്ടെത്തണം. അതിനുള്ള പ്രയാണം തുടരേണ്ടതുണ്ട്. നൂറുകണക്കിന് ഗായകര്‍ അവരുടെ ശബ്ദം കേള്‍പ്പിക്കാനായി  ഇ-മെയിലില്‍ അയച്ചുതരാറുണ്ട്. പക്ഷേ, മിക്കതും കേള്‍ക്കാന്‍ കഴിയാറില്ല. യാത്രയ്ക്കിടയിലാണ് കുറെയൊക്കെ അവ കേള്‍ക്കാനാവുന്നത്.

? ടെന്‍ഷന്‍ വരുമ്പോള്‍ സാധാരണയായി നാം റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കും. താങ്കള്‍ക്ക് ടെന്‍ഷന്‍ വരുമ്പോള്‍ എന്താണ് ചെയ്യാറ്...

അത്തരം ഘട്ടങ്ങളില്‍ ഞാന്‍ പ്രാര്‍ഥിക്കുകയാണ് പതിവ്. മെഡിറ്റേഷനും നല്ല മരുന്നാണെന്ന് തോന്നാറുണ്ട്. പ്രാര്‍ഥനതന്നെ പ്രധാനം.

?റഹ്മാന്‍ എന്ന ഗായകനെ റഹ്മാന്‍ എന്ന സംഗീതസംവിധായകന്‍ എങ്ങനെ വിലയിരുത്തും...

അതൊരു കുഴപ്പംപിടിച്ച ചോദ്യമാണ്. യാദൃച്ഛികമായി ഗായകനായ ആളാണ് ഞാന്‍. എന്റെ ചില പാട്ടുകള്‍കേട്ട് മണിരത്‌നമാണ് എന്നെ പാടാന്‍ പ്രേരിപ്പിച്ചത്. എന്റെ സുഹൃത്ത് ഭരത് ബാല ഏതാനും ആല്‍ബങ്ങളും ഇറക്കി. ഇപ്പോഴും എന്റെ ശബ്ദം നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നിലെ സംഗീതസംവിധായകന്‍ എന്നിലെ ഗായകനെ അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നുമില്ല. എങ്കിലും ചിലതെല്ലാം അങ്ങനെ സംഭവിച്ചുപോകുന്നു. പക്ഷേ, ഒരു കാര്യം-സ്വയം വിലയിരുത്തുമ്പോള്‍  അത്രയ്ക്കങ്ങ് താഴ്ത്തിക്കെട്ടേണ്ടതില്ലെന്ന് തോന്നുന്നു. 

? എപ്പോഴാണ് ഒരു ഗായകനാകണമെന്ന് തീരുമാനിച്ചത്..

ചിലര്‍ ഒരു പാട്ട് പലതവണ പാടി നോക്കിയിട്ടും വിചാരിച്ച മൂഡിലേക്ക് എത്താത്ത ചില ഘട്ടങ്ങളുണ്ട്. അപ്പോഴാണ് കൂടെയുള്ളവര്‍ എന്നെ നിര്‍ബന്ധിക്കാറുള്ളത്. സംഗീതം നല്‍കുന്നവര്‍ക്ക് കുറെക്കൂടി അതില്‍ ലയിച്ചുപാടാനാകും എന്നൊരു തോന്നലില്‍ നിന്നാവണം ആ നിര്‍ബന്ധം. എങ്കിലും പാടുന്നതില്‍  നിന്ന് പരമാവധി മാറിനില്‍ക്കാനാണ് ഞാന്‍ ശ്രമിക്കാറ്്. എങ്കിലും ചിലപ്പോള്‍ പാടുന്നു. എല്ലാ പാട്ടുകളും പാടിക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചെയ്താല്‍ ഇയാള്‍ തന്നെ എന്തുകൊണ്ടാണ് എല്ലാ പാട്ടുകളും പാടുന്നതെന്ന് അവര്‍ തന്നെ തിരിച്ചുചോദിക്കാനും ഇടയുണ്ട്. അതാണ് മനുഷ്യന്റെ അവസ്ഥ.

? ഇനി എന്നാണ് മലയാളത്തിലേക്ക്?

സംഗീതവും സിനിമയും എല്ലാമായി നല്ല ജോലിയുണ്ട്. തമിഴ്, ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടിയെത്താറുണ്ട്. പക്ഷേ, തിരക്കു കാരണം പലതും ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സങ്കടകരം. എങ്കിലും ചില ഭാഷകള്‍ നമ്മെ പിടിച്ചുവലിച്ചുകൊണ്ടേയിരിക്കും. അതില്‍ മലയാളവുമുണ്ട്. തീര്‍ച്ചയായും മലയാളത്തില്‍ എന്റെ പാട്ടുകള്‍ താമസിയാതെ വരും.

? ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം എന്താണ്? പാവങ്ങളോട് എപ്പോഴും ആര്‍ദ്രമാവുന്ന മനസ്സ് റഹ്മാന് ഉണ്ടെന്നറിയാം. അവര്‍ക്കായി എന്താണ് ചെയ്യാവുന്നത്...

എണ്‍പതുകളില്‍ കാറില്‍ പോകുമ്പോള്‍ പാവപ്പെട്ടവരെ കാണുമ്പോള്‍ എല്ലാവര്‍ക്കും ഭക്ഷണം വാങ്ങിക്കൊടുത്ത് സന്തോഷിപ്പിക്കണമെന്ന് എനിക്ക് തോന്നിയിരുന്നു. പിന്നെ ആലോചിച്ചപ്പോഴാണ് അതിലെ വിഡ്ഢിത്തം തിരിച്ചറിഞ്ഞത്. അടുത്ത നേരത്തെ, നാളത്തെ ഭക്ഷണത്തിന് എന്തുചെയ്യും?  അത്തരത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് ജീവിക്കാനുതകുന്ന എന്തെങ്കിലും രംഗത്ത് പരിശീലനം നല്‍കുകയോ അവര്‍ക്ക് സൗകര്യം ഒരുക്കുകയോ ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് പിന്നീട് മനസ്സിലായി. നാം അത്തരത്തില്‍ എന്തെങ്കിലും ചെയ്താല്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രചോദനവുമാകും. 
   അതാണ് ഇപ്പോള്‍ ഞങ്ങള്‍ ഒരു ഫൗണ്ടേഷന്‍ വഴി ചെയ്തുകൊണ്ടിരിക്കുന്നത്.  ചിലരിലെങ്കിലും മാറ്റം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതുതന്നെ വലിയ നേട്ടമല്ലേ??