മായനാട്ടുള്ള മനോജിന്‌ ഗൾഫ്‌ പ്രവാസം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോൾ ജീവിതത്തെക്കുറിച്ച്‌ 
സന്ദേഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. പശുക്കളുള്ള കാലത്തോളം സമാധാനത്തോടെ, സംതൃപ്തിയോടെ താനും ജീവിക്കും എന്ന്‌ ഈ മനുഷ്യന്‌ ഉറപ്പായിരുന്നു


ഗൾഫിൽനിന്ന്‌ തിരിച്ചെത്തി ഒന്നും ചെയ്യാനാവാതെ നട്ടംതിരിഞ്ഞ്‌ നടക്കുന്ന ഒട്ടേറെപ്പേരുണ്ട്‌ നമ്മുടെ നാട്ടിൽ. മായനാട്ടെ മനോജിനെ അക്കൂട്ടത്തിൽ കൂട്ടരുത്‌. കണ്ടുപഠിക്കണം മനോജെന്ന ക്ഷീരകർഷകനെ. ഗൾഫിലെ ജോലിമതിയാക്കി നാട്ടിലെത്തിയപ്പോൾ എല്ലാ ചെറുപ്പക്കാരെയുംപോലെ മനോജും തീരുമാനിച്ചു... എന്തെങ്കിലുമൊന്നുചെയ്യണം.

രണ്ടു പശുക്കളെ വാങ്ങി പാൽക്കച്ചവടം തുടങ്ങിയ മനോജിന്റെ തൊഴുത്തിൽ ഇന്നുള്ളത്‌ 32 പശുക്കൾ. നല്ല ലക്ഷണമൊത്ത, പാൽചുരത്തുന്ന പശുക്കൾ. ഇതുമാത്രംപോരാ മനോജിനെ അറിയാൻ. ആറേക്കർ കൃഷിയിടത്തിൽ ഹരിതഭംഗി പടർത്തി തെങ്ങും പ്ളാവും കവുങ്ങും മാവും കുരുമുളകുമെല്ലാം നിറഞ്ഞുനില്ക്കുന്നു.

‘ഇവിടം സ്വർഗമാണ്‌’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മാത്യൂസ്‌ എന്ന കഥാപാത്രത്തെ ഓർമയില്ലേ. മാത്യൂസിനെ അനുസ്മരിപ്പിക്കുന്നതാണ്‌ മനോജിന്റെ ജീവിതവും. അധ്വാനശീലനായ കർഷകൻ. പശുവിന്റെ പരിപാലനം അത്രയധികം താത്‌പര്യത്തോടെ കാണുന്നയാളാണ്‌ സിനിമയിലെ മാത്യൂസ്‌. മനോജും ഈ വഴിയിലാണ്‌. ‘ഞാനൊരു പാൽക്കാരൻ’ എന്നുപറയാൻ മനോജിന്‌ മടിയൊന്നുമില്ല. പശുവിനെ പോറ്റാനുള്ള ആഗ്രഹമാണ്‌ മനോജിനെയും ഈ വഴിയിലേക്ക്‌ തിരിച്ചത്‌. ഏതുജോലിക്കും അതിന്റേതായ മാന്യതയും മഹത്ത്വവുമുണ്ടെന്ന്‌ വിശ്വസിക്കുന്നയാളാണ്‌ മനോജ്‌. അങ്ങനെയാണ്‌ പശുവിനെ പോറ്റാനുള്ള ആഗ്രഹം മനോജ്‌ വിജയകഥയാക്കിമാറ്റുന്നത്‌.

മായനാട്‌ മണ്ടാരത്തുതാഴം ചെമ്പക്കര വീട്ടിൽ മനോജ്‌ ബിരുദപഠനം കഴിഞ്ഞപ്പോൾ ഗൾഫിലേക്ക്‌ പോയതാണ്‌. അച്ഛൻ മാത്യു നടത്തുന്ന എ.സി. മെയിന്റനൻസ്‌ സ്ഥാപനത്തിലായിരുന്നു ജോലി. 2007-ൽ ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയപ്പോൾ വീട്ടാവശ്യത്തിന്‌ രണ്ടുപശുക്കളെ വാങ്ങിയതാണ്‌ തുടക്കം. പത്തുവർഷം പിന്നിടുമ്പോൾ മനോജിന്റെ തൊഴുത്തിൽ കിടാങ്ങളടക്കം 32 പശുക്കൾ. എച്ച്‌.എഫ്‌. ഇനത്തിൽപ്പെട്ട സങ്കരയിനം പശുക്കളെ കൂടാതെ ഗീർ, ജഴ്‌സി, കാസർകോട്‌ കുള്ളൻ പശുക്കളും മനോജിനുണ്ട്‌. 270 ലിറ്റർ പാൽവരെ ഒരു ദിവസം കിട്ടും. ചേവായൂർ, തൊണ്ടയാട്‌ മെഡിക്കൽ കോളേജ്‌ ഭാഗങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ ഈ പാൽ അതിരാവിലെ എത്തിക്കുന്നത്‌ മനോജുതന്നെയാണ്‌. ‘റിയൽ മിൽക്ക്‌’ എന്ന പേരിൽ പാക്കറ്റിൽ മുദ്രണം ചെയ്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചാണ്‌ വില്പന.

24-ഉം 14-ഉം പശുക്കളെ ഉൾക്കൊള്ളുന്ന രണ്ടു തൊഴുത്തുകളുണ്ട്‌. ഇവിടെനിന്നുള്ള ചാണകവും മൂത്രവുംതന്നെയാണ്‌ പറമ്പിലെ കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌. അധികമുള്ള ചാണകം വില്പനനടത്തും. വളരെ ഗൗരവത്തോടെ സമീപിച്ചാൽ നഗരത്തിലുള്ളവർക്കും പശുക്കളെ വളർത്താനാകുമെന്ന്‌ തന്റെ അനുഭവത്തിലൂടെ കാട്ടിത്തരികയാണ്‌ മനോജ്‌. പാൽവില്പനമാത്രം ലക്ഷ്യമിട്ട്‌ പശുവിനെ വളർത്തുന്നതിനോട്‌ മനോജിന്‌ യോജിപ്പില്ല. നല്ല ഭക്ഷണവും വിശ്രമവും ഉറപ്പുവരുത്തിയാണ്‌ മനോജിന്റെ പശുപരിപാലനം. രണ്ടുനേരവും പച്ചപ്പുല്ല്‌ നിർബന്ധം. ഉണങ്ങിയ വൈക്കോൽ പശുവിന്‌ കൊടുക്കാറില്ല. പച്ചപ്പുല്ല്‌ എത്തിക്കാൻ രണ്ടുപേരെ അതിനുമാത്രമായി നിയോഗിച്ചിട്ടുണ്ട്‌. മറ്റു സഹായങ്ങൾക്കായി രണ്ടുപേർകൂടി മനോജിനൊപ്പമുണ്ട്‌.

കാലിത്തീറ്റയ്ക്കടക്കമുള്ള ഭീമമായ ചെലവാണ്‌ പലരേയും പശുപരിപാലനത്തിൽനിന്ന്‌ പിന്തിരിപ്പിക്കുന്നതെന്ന്‌ മനോജ്‌ പറയുന്നു. സർക്കാർ ഈ പ്രശ്നത്തിൽ ഇടപെട്ടാൽ പാലിന്‌ മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ നമുക്കുവരില്ല. വേനൽ കടുത്തുതുടങ്ങിയതോടെ പാലിന്റെ അളവിലും ഏറ്റക്കുറച്ചിലുണ്ട്‌. അതു സ്വാഭാവികമാണെന്ന്‌ മാനോജ്‌ പറയുന്നു. പശുവിനെ വളർത്തിയും പാൽ വിറ്റുമൊക്കെ അതിൽ ആഹ്ളാദവും ആഘോഷവും കണ്ടെത്തുകയാണ്‌ മനോജ്‌.

82-ലാണ്‌ പൊൻകുന്നം സ്വദേശിയായ മാത്യു-സിസിലി ദമ്പതിമാർ കോഴിക്കോട്ടെത്തുന്നത്‌. അച്ഛന്റെയും അമ്മയുടെയും പ്രോത്സാഹനവും സഹകരണവുമാണ്‌ കാർഷികവൃത്തിയിൽ മനോജിന്റെ കരുത്ത്‌. സ്മിത, മജു, മനു എന്നീ സഹോദരങ്ങൾകൂടി ഉൾപ്പെട്ടതാണ്‌ മനോജിന്റെ കുടുംബം.