റിയാദ്: സൗദി അറേബ്യയില്‍ 'നിയമ ലംഘകരില്ലാത്ത രാജ്യം' പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അംഗീകാരം കൊടുത്തതായി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ വൃക്തമാക്കി.

രാജ്യത്ത് താമസ തൊഴില്‍ നിയമലംഘകര്‍ക്ക് പദവികള്‍ ശരിയാക്കാന്‍ 90 ദിവസം സാവകാശം നല്‍കുകയും ചെയ്തു. 2017 മാര്‍ച്ച് 29 ബുധനാഴ്ച മുതല്‍ 90 ദിവസമാണ് ഈ ആനുകൂല്യം ലഭിക്കുക. ആഭ്യന്തര മന്ത്രാലയത്തിന്റെ ദര്‍ബാറില്‍ വെച്ചാണ് നിയമലംഘകരില്ലാത്തവര്‍ രാജ്യംവിട്ടുപോകാനുള്ള പദ്ധതി പ്രഖൃാപിച്ചത്. തൊഴില്‍, താമസ നിയമലംഘകരായ വിദേശികള്‍ ഈ സുവര്‍ണാവസരം അവരുടെ പദവികള്‍ ശരിയാക്കാന്‍ ഉപയോഗപ്പെടുത്തണം. അവസരം പാഴാക്കാതെ ഈ പദ്ധതിയുടെ സമ്പൂര്‍ണ വിജയം ഉറപ്പുവരുത്തുവാന്‍ രാജ്യത്തെ സ്വദേശികളും വിദേശികളും ശ്രമിക്കണമെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അഭ്യര്‍ഥിച്ചു.

കാലയളവിനുള്ളില്‍ രാജ്യം വിട്ടുപോകുവാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ക്ക് ശിക്ഷ ഒഴിവാക്കി അവരുടെ യാത്രാനടപടിക്രമങ്ങള്‍ ലളിതമാക്കിക്കൊടുക്കണമെന്ന് ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗങ്ങളോട് കിരീടാവകാശി അഭ്യര്‍ഥിച്ചു. പദ്ധതി പ്രഖ്യാപന ചടങ്ങിന് ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍, തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി ഡോ.അലി ബിന്‍ നാസിര്‍ അല്‍ ഖഫീസ്, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹമദ് സാലിം, ആഭ്യന്തര സഹമന്ത്രി സഈദ് അബ്ദുല്ല ഖഹ്താനി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

സൗദി അറേബ്യയിലെ അനധികൃത താമസക്കാര്‍ അതത് രാജ്യത്തിന്റെ എംബസികളുമായി ബന്ധപ്പെട്ടാല്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയും. വിദേശ രാജ്യങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും സൗദി ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് സൗദിയില്‍ വീണ്ടും തൊഴില്‍തേടുന്നത് വിലക്കില്ലെന്ന് പാസ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2013-ല്‍ സൗദി അറേബ്യ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. അന്ന് 11 ലക്ഷം വിദേശികളാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. രാജ്യത്ത് 55 ലക്ഷം വിദേശികള്‍ നിയമലംഘകരായി കഴിയുന്നുണ്ടെന്ന് അടുത്തിടെ ശൂറാ കൗണ്‍സില്‍ അംഗം വെളിപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമ ലംഘകരില്ലാത്തവര്‍ പദ്ധതി പ്രഖ്യാപിച്ചത്.