റിയാദ്: സൗദി അറേബ്യയുടെ ദേശീയവിമാനക്കമ്പനിയായ സൗദിയ തിരുവനന്തപുരം സര്‍വീസ് ആരംഭിച്ചു. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് തിരുവനന്തപുരത്തേക്ക് നടത്തുക. സൗദിയ നേരിട്ട് സര്‍വീസ് നടത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ നഗരമാണ് തിരുവനന്തപുരം.

റിയാദ്-തിരുവനന്തപുരം സെക്ടറില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് ആണ് നടത്തുന്നത്. എസ്.വി. 756 -ാം നമ്പര്‍ ഫ്‌ളൈറ്റ് ഞായറാഴ്ച പുലര്‍ച്ചെ 4.40ന് റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 1.45ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരം നാലിന് റിയാദില്‍ എത്തി.

കൊച്ചി, ഹൈദരാബാദ്, ന്യൂഡല്‍ഹി, ബെംഗളൂരു, ലഖ്‌നൗ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. സൗദിയ സര്‍വീസ് നടത്തുന്ന 88-ാമത്തെയും ഈവര്‍ഷം സര്‍വീസ് ആരംഭിക്കുന്ന നാലാമത്തെയും നഗരമാണ് തിരുവനന്തപുരം. എയര്‍ബസ് എ 330-300 ഇനത്തില്‍പ്പെട്ട വിമാനങ്ങളാണ് തിരുവനന്തപുരം സര്‍വീസിന് സൗദിയ ഉപയോഗിക്കുന്നത്. ഇതില്‍ 298 സീറ്റാണുള്ളത്. ഉദ്ഘാടന സര്‍വീസിലെ യാത്രക്കാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി ജീവനക്കാര്‍ സ്വീകരിച്ചു.