റിയാദ്: സൗദിയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ക്ക് അടുത്തമാസം മുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്ന് സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍. എന്‍ജീനീയര്‍മാര്‍ക്കു പുറമെ എന്‍ജിനീയറിങ് കണ്‍സള്‍ട്ടിങ് സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

ജോലിക്കിടെയുണ്ടാവുന്ന പിഴവുകള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കുന്നതിനു വേണ്ടിയാണ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്. അടുത്തമാസം (മെയ്) മാസം മുതല്‍ തന്നെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സൗദി എന്‍ജിനീയറിങ് കൗണ്‍സില്‍ മേധാവി ജമീല്‍ അല്‍ ബഖ്ആവി പറഞ്ഞു. എന്‍ജിനീയര്‍മാര്‍ക്ക് വര്‍ഷത്തില്‍ 250 റിയാലും കണ്‍സള്‍ട്ടിങ്, സൂപ്പര്‍വൈസറിങ് സ്ഥാപനങ്ങള്‍ക്ക് വര്‍ഷത്തില്‍ 1,800 റിയാലുമാണ് പോളിസി തുക. വിദേശി എന്‍ജിനീയര്‍മാര്‍ക്കും നിയമം ബാധകമാണ്.

നിര്‍മാണത്തിലെയും ജോലിയിലെയും പിഴവു മൂലം എന്‍ജിനീയര്‍മാര്‍ക്കും എന്‍ജിനീയറിങ് സ്ഥാപനങ്ങള്‍ക്കുമെതിരേ നഷ്ടപരിഹാരത്തിന് അന്യായം ഫയല്‍ ചെയ്യാറുണ്ട്. വന്‍ തുക നഷ്ടപരിഹാരം നല്‍കുന്നത് എന്‍ജിനീയര്‍മാര്‍ക്ക് പ്രയാസമാവുമെന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ആശ്വാസകരമാവും. 

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ മേഖലയിലെ ടെക്നീഷ്യന്മാര്‍ക്കുമെല്ലാം ഇത്തരം ഇന്‍ഷുറന്‍സ് സൗദി നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. ചികില്‍സാ പിഴവുമൂലമുള്ള നഷ്ടപരിരിഹാരം നല്‍കുന്നതിനു വേണ്ടിയാണിത്. സമാനമായ രീതിയിലാണ് എന്‍ജിനീയര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത്.