റിയാദ്: ഇന്ത്യയുടെ റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി പ്രഖ്യാപിച്ച പദ്മശ്രീ പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്‌ളാദത്തിലാണ് സൗദി വനിത നൗഫ് മര്‍വായ്. യോഗയും ആയുര്‍വേദവും അറബ് ലോകത്തിന് പരിചയപ്പെടുത്തിയതിനുള്ള അംഗീകാരം കൂടിയാണ് ചരിത്രത്തിലാദ്യമായി സൗദി വനിതയ്ക്ക് ലഭിക്കുന്ന പത്മശ്രീ പുരസ്‌കാരം.

അറബ് യോഗാ ഫൗണ്ടേഷന്‍ സ്ഥാപകയാണ് നൗഫ് മുഹമ്മദ് അല്‍ മര്‍വായ്. യോഗയ്ക്ക് സൗദി സര്‍ക്കാരിന്റെ ഔദ്യോഗികാംഗീകാരം നേടിയെടുക്കാന്‍ കഴിഞ്ഞത് ഇവരുടെ ശ്രമഫലമാണ്. കിങ് സൗദ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റര്‍ബിരുദം നേടിയിട്ടുളള നൗഫ് മര്‍വായ് ഇന്ത്യയിലെ പ്രമുഖരുടെ കീഴില്‍ യോഗ അഭ്യസിച്ചിട്ടുണ്ട്. ആയുര്‍വേദത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ് കേരളത്തിലും പലതവണ സന്ദര്‍ശനം നടത്തി. ജിദ്ദയില്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ക്ലിനിക്കും നടത്തുന്നുണ്ട്. യോഗയില്‍ പരിശീലനവും ആയുര്‍വേദ ചികിത്സയില്‍ ബോധവത്കരണവും നടത്തുന്ന നൗഫ് മര്‍വായുടെ നിര്‍ദേശത്തെത്തുടര്‍ന്ന് നിരവധി സൗദിപൗരന്മാരാണ് കേരളത്തില്‍ ചികിത്സതേടി എത്തുന്നത്.

നൗഫിന്റെ പിതാവ് അറബ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഫെഡറേഷന്‍ സ്ഥാപകന്‍ മുഹമ്മദ് അല്‍ മര്‍വായിയില്‍നിന്ന് ബാല്യകാലത്തുതന്നെ ആയോധനകല പഠിച്ചിരുന്നു. ശ്വസന നിയന്ത്രണരീതി, രോഗപ്രതിരോധം, അസുഖങ്ങള്‍ക്കുള്ള പ്രതിവിധി എന്നിവയാണ് യോഗയിലേക്ക് ആകര്‍ഷിച്ചതെന്നും നൗഫ് അല്‍ മര്‍വായ് പറഞ്ഞു. പദ്മശ്രീ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇത് തന്നില്‍ കൂടുതല്‍ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യക്കാരോടും ഇന്ത്യന്‍ സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.