ജിദ്ദ: നോര്‍ക്ക റൂട്‌സിന്റെ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിച്ചു അനന്തമായി കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ മാറണം എന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ എന്‍.ആര്‍.ഐ ഫോറം ബി. സ്വരാജ് എം.എല്‍.എ ക്കു നിവേദനം നല്‍കി. 

കഴിഞ്ഞ കാലങ്ങളില്‍ ഔദ്യോഗിക കാലാവധിയായ മൂന്നു മാസങ്ങള്‍ക്കകം തന്നെ ലഭ്യമായിരുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇന്ന് എന്ന് ലഭ്യമാക്കാന്‍ സാധിക്കും എന്ന് ബന്ധപ്പെട്ടവര്‍ക്ക് തന്നെ ഉറപ്പ് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നിരവധി സംഘടനകളും വ്യക്തികളും നോര്‍ക്ക കാര്‍ഡുകള്‍ക്ക് അപേക്ഷിച്ച് എട്ടില്‍ കൂടുതല്‍ മാസങ്ങളായി കാത്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. 

ബന്ധപ്പെട്ട ഓഫീസുകളില്‍ വിളിച്ചു അന്വേഷിച്ചാല്‍ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ മറുപടികളാണ് ലഭിക്കുന്നത്. ഇതിനു ഒരു പരിഹാരം കണ്ടെത്തുകയും അപേക്ഷകര്‍ക്ക് കാര്‍ഡുകള്‍ എത്രയും പെട്ടന്ന് ലഭ്യമാക്കണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. 

കാര്‍ഡ് ലഭ്യമാവുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളുമായി  മുന്നോട്ട് പോവുമെന്ന് എം.എല്‍.എ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി. പെന്റീഫ് ചെയര്‍മാന്‍ നാലകത്ത് കുഞ്ഞാപ്പ, ആക്ടിങ് പ്രസിഡന്റ് മുസ്തഫ കോഴിശ്ശേരി, ബിഷര്‍.പി.കെ - താഴേക്കോട്, ശിഹാബ്.എന്‍.പി, സൈദ് കരിങ്കല്ലത്താണി എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.