റിയാദ്: നോര്‍ക്ക റൂട്ട്‌സും സൗദി ആരോഗ്യമന്ത്രാലയവും റിക്രൂട്ട്‌മെന്റ് കരാറില്‍ ഒപ്പുവെച്ചു. റിയാദില്‍ ആരോഗ്യമന്ത്രാലയം ആസ്ഥാനത്ത് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. ഡോ. കെ.എന്‍. രാഘവനും എം.ഒ.എച്ച്. ഹ്യൂമന്‍ റിസോഴ്‌സ് ജനറല്‍ മാനേജര്‍ ആയദ് അല്‍ ഹാരതിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

എം.ഒ.എച്ചിനുകീഴില്‍ രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള ആസ്​പത്രികളിലേക്ക് ആവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറാണ് ഒപ്പുവെച്ചത്. സൗദിയില്‍ തൊഴിലന്വേഷിക്കുന്ന മലയാളികള്‍ക്ക് മികച്ച തൊഴിലവസരം സൃഷ്ടിക്കാന്‍ കരാര്‍ സഹായിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. ഗള്‍ഫ് നാടുകളിലെ സ്വകാര്യസ്ഥാപനങ്ങളിലേക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. എന്നാല്‍, ആദ്യമായാണ് ഒരു വിദേശരാജ്യത്തെ സര്‍ക്കാര്‍വകുപ്പുമായി റിക്രൂട്ട്‌മെന്റ് കരാര്‍ ഒപ്പുവെക്കുന്നത്. കുവൈത്ത്, യു.എ.ഇ. എന്നീ രാജ്യങ്ങളിലേക്ക് ഈവര്‍ഷം കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആറ് ഏജന്‍സികള്‍ക്കാണ് ആരോഗ്യമന്ത്രാലയം റിക്രൂട്‌മെന്റിന് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍നിന്ന് നോര്‍ക്ക റൂട്ട്‌സിനുപുറമേ ഒ.ഡി.പി.ഇ.സി.യും ഇതില്‍ ഉള്‍പ്പെടും. കേരളത്തിനുപുറത്ത് സ്വകാര്യ ഏജന്‍സികള്‍ക്കാണ് അനുമതിയുള്ളത്. സ്വകാര്യ ഏജന്‍സികള്‍ വന്‍തുക റിക്രൂട്ട്‌മെന്റ് സര്‍വീസ് ചാര്‍ജ് ഈടാക്കുമ്പോള്‍ നോര്‍ക്ക റൂട്ട്‌സ് പരമാവധി ഈടാക്കുന്നത് 20,000 രൂപ മാത്രമാണ്.

ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍, സൗദി ആരോഗ്യമന്ത്രാലയത്തിലെ ഡോ. മുഹമ്മദ് ദഗൈതര്‍, ഷഹിം മുഹമ്മദ്, ഷിഹാബ് കൊട്ടുകാട് എന്നിവരും സന്നിഹിതരായിരുന്നു.