ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനനിരക്കുകള്‍ ഭീമമെന്ന് പാര്‍ലമെന്റ് സമിതി. നിരക്കു നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായും ഫലപ്രദമായും ഇടപെടണമെന്ന് ഗതാഗത, വിനോദസഞ്ചാര കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍റോയ് അധ്യക്ഷനായ സമിതിയില്‍ േകരളത്തില്‍നിന്ന് കെ.സി. വേണുഗോപാല്‍ അംഗമാണ്.

താരതമ്യേന കുറഞ്ഞനിരക്കുകള്‍ ഈടാക്കുന്ന വിദേശ വിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ഉയര്‍ന്ന നിരക്കാണ് കേരളത്തിലെ യാത്രികരില്‍നിന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.
 
ഗള്‍ഫ് യാത്രികരില്‍ അധികവും സാധാരണക്കാരായ തൊഴിലാളികളാണ്. അവരുടെ നിസ്സഹായത വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യരുത് - അമിത യാത്രക്കൂലി ഈടാക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സമിതി ചൂണ്ടിക്കാട്ടി.കൃത്രിമമായി സൃഷ്ടിക്കുന്ന അമിതനിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്രവ്യോമയാന മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷനും ഇടപെടണം.

വിമാന ഇന്ധനവിലയില്‍ 50 ശതമാനത്തോളം കുറവാണ് കുറച്ചുകാലമായുള്ളത്. പക്ഷേ, വിലക്കുറവിന്റെ പ്രയോജനം യാത്രികര്‍ക്ക് കിട്ടുന്നില്ല. ഇതിന്റെ പ്രയോജനം യാത്രികര്‍ക്ക് ലഭിക്കുന്നു എന്ന് മന്ത്രാലയം ഉറപ്പാക്കണം. ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.

1994-ലെ എയര്‍ കോര്‍പറേഷന്‍ നിയമംറദ്ദാക്കിയ ശേഷം വിമാനനിരക്കുകള്‍ നിയന്ത്രിക്കാന്‍ ഒരു ചട്ടവും നിലവിലില്ല. മറ്റ് പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന നിരക്കുനിശ്ചയിക്കല്‍ സംവിധാനം ഇന്ത്യ പോലുള്ള വികസ്വരരാജ്യത്തിന് പ്രായോഗികമാകില്ല. വിമാനങ്ങളില്‍ ഇക്കോണമി ക്ലാസ് നിരക്കിലും മറ്റും ഓരോ മേഖലയ്ക്കും ഉയര്‍ന്ന പരിധി നിശ്ചയിക്കുന്ന കാര്യം മന്ത്രാലയം പരിഗണിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
 

കോഴിക്കോട്ടുനിന്ന് ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കണം

ന്യൂഡല്‍ഹി: കോഴിക്കോട്ടുനിന്ന് ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ഗതാഗത, വിനോദസഞ്ചാര, സാംസ്‌കാരികവകുപ്പുകള്‍ക്കുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് നിലനിര്‍ത്തിക്കൊണ്ടുതന്നെ കോഴിക്കോട്ടുനിന്നുള്ള സര്‍വീസ് ആരംഭിക്കണമെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തു.

വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് സമിതി ഈ ശുപാര്‍ശ മുന്നോട്ടുവെച്ചിരിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ ശക്തിപ്പെടുത്തല്‍ പൂര്‍ത്തിയായതായാണ് സമിതിക്ക് ലഭിച്ചിട്ടുള്ള വിവരം.
 
അതിനാല്‍ വിമാനത്താവളം പൂര്‍ണസജ്ജമാണ്. കോഴിക്കോട്ടും പരിസരപ്രദേശങ്ങളിലും വലിയതോതില്‍ മുസ്ലിം സമുദായാംഗങ്ങള്‍ താമസിക്കുന്നുണ്ട്. അതിനാല്‍ ഇവിടെനിന്ന് ഹജ്ജ് സര്‍വീസ് ആരംഭിക്കുന്നത് ഒട്ടേറെപ്പേര്‍ക്ക് ആശ്വാസപ്രദമാകും - സമിതി ചൂണ്ടിക്കാട്ടി.