റിയാദ്: അമേരിക്കയും സൗദി അറേബ്യയും പ്രതിരോധ സഹകരണം ശക്തമാക്കുമെന്നു അമേരിക്കന്‍ പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസ് പറഞ്ഞു. ഭരണാധികാരി സല്‍മാന്‍ രാജാവുമായി റിയാദില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. യമന്‍, സിറിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളും ഗള്‍ഫ് മേഖലയിലെ വിവിധ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

ഭീകര വിരുദ്ധ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രി ജെയിംസ് മാറ്റിസ് സൗദിയിലെത്തിയത്. സൗദിയെ ലക്ഷ്യമാക്കി ഇറാന്‍ നിര്‍മിത മിസൈലുകള്‍ വിക്ഷേപിക്കുന്നത് ഹൂതികള്‍ നിര്‍ത്തിവെക്കണമെന്ന് ജെയിംസ് മാറ്റിസ് പറഞ്ഞു. യമന്‍ സംഘര്‍ഷത്തിന് യു.എന്‍ മേല്‍നോട്ടത്തില്‍ പരിഹാരം കാണണം. സംഘര്‍ഷത്തിലുള്ള കക്ഷികളെ ചര്‍ച്ചക്ക് പ്രേരിപ്പിക്കും. യു.എന്‍ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളിലൂടെ യമന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഭീകരവാദത്തിനെതിരെയുളള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായ സഹകരണം സ്ഥാപിക്കുന്നതിനാണ് പശ്ചിമേഷ്യന്‍ സന്ദര്‍ശനം. ഇറാഖിലും സിറിയയിലും ഐ.എസിനെതിരെ പോരാട്ടം നടത്തുന്ന അമേരിക്കന്‍ സഖ്യം വിപുലീകരിക്കും. യമനില്‍ അല്‍ഖാഇദക്കെതിരെ പോരാട്ടം ശക്തമാക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. 

ഭീകര സംഘടനകളെ നേരിടുന്നതിന് ജെയിംസ് മാറ്റിസ് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് പെന്റഗണ്‍ നേരത്തെ അറിയിച്ചിരുന്നു. സൗദി സന്ദര്‍ശനം പൂര്‍ത്തിയാക്കി ജെയിംസ് മാറ്റിസ് ഈജിപ്ത്, ഖത്തര്‍, ഇസ്രായേല്‍ എന്നീ രാഷ്ട്രങ്ങളും സന്ദര്‍ശിക്കും. വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, സാംസ്‌കാരിക വകുപ്പു മന്ത്രി ഡോ. ആദില്‍ അല്‍തുറൈഫി, സഹമന്ത്രി ഡോ. മുസാഅദ് അല്‍ഈബാന്‍ എന്നിവരുമായും ജെയിംസ് മാറ്റിസ് കൂടിക്കാഴ്ച നടത്തി.