ദോഹ: രാജ്യത്തെ മരുന്നുനിർമാണ മേഖലയുടെ പുരോഗതിക്ക് വഴിതെളിച്ച് ഖത്തർ ഫാർമയുടെ വിപുലീകരണ പ്രവർത്തനത്തിനും പുതിയ നിർമാണ യൂണിറ്റുകൾക്കും പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ ഖുവാരി തുടക്കമിട്ടു.പുതുതായി എട്ട് നിർമാണ യൂണിറ്റുകൾകൂടി തുടങ്ങുന്നതോടെ ഖത്തർ ഫാർമയുടെ നിർമാണ യൂണിറ്റുകൾ പതിനാലായി വർധിക്കും. ഖത്തർ ഫാർമയുടെ ഓഹരികൾ അധികം താമസിയാതെ ഖത്തർ സ്റ്റോക്ക് എക്സ്‌ചേഞ്ചിന്റെ പട്ടികയിൽ ഉൾപ്പെടുത്തും.

ഖത്തർ ഫാർമയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിങ് (ഐ.പി.ഒ.) വിതരണംചെയ്യാനുള്ള നടപടിയിലാണെന്ന് ചെയർമാൻ ഡോ.അൽ സുലൈത്തി പറഞ്ഞു. പതിനഞ്ച് ശതമാനം അടിസ്ഥാനമായിരിക്കും. 40 ശതമാനം ഓഹരികൾ പൊതുജനത്തിന് വിൽക്കുമെന്നും ഡോ. അൽ സുലൈത്തി പറഞ്ഞു. രാജ്യത്തെ മരുന്ന് വിതരണ മേഖലയുടെ വിപുലീകരണത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം വലിയ പിന്തുണ നൽകുന്നുണ്ട്.  അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രാജ്യത്ത് മരുന്ന് ഉത്പന്നങ്ങളുടെ ഗുണനിലവാരം. പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനാവുന്ന വിധം മരുന്നുനിർമാണമേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുമായി ചേർന്നാണ് പ്രവർത്തിക്കുന്നതെന്നും ഡോ. അൽ സുലൈത്തി പറഞ്ഞു.

രാജ്യത്തെ ആദ്യ ഇൻട്രാവെനസ് തെറാപി ഫ്യൂഷൻ ഫാക്ടറിയാണ് ഖത്തർ ഫാർമ. ഇൻഫ്യൂഷൻ തെറാപ്പിയിലും ക്ലിനിക്കൽ ന്യൂട്രീഷൻ വിതരണത്തിലും ഗൾഫ് വിപണിയിലെ മുൻനിര വിതരണക്കാരാണ് ഖത്തർ ഫാർമ. 
കയറ്റുമതിയിലാണ് ഖത്തർ ഫാർമ പ്രധാനമായി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം നിർമിച്ച ഉത്പന്നങ്ങളിൽ പത്തുശതമാനം ഖത്തറിലും 90 ശതമാനം അറബ്, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേക്കും കയറ്റുമതിചെയ്തു. ഈ വർഷം കയറ്റുമതിയിൽ നിന്ന് 13.4 കോടി റിയാലിന്റെ വരുമാനമാണ് ലക്ഷ്യമിടുന്നത്.