റിയാദ്:  ഉപരോധം പിന്‍വലിക്കാന്‍ സൗദി അറേബ്യയും സഖ്യരാജ്യങ്ങളും വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിന് ഖത്തറിന് 48 മണിക്കൂര്‍ കൂടി സമയം അനുവദിച്ചു.

ഖത്തറിന് മുന്നില്‍ അനുവദിച്ച 10 ദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം വന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമിറിന്റെ ഇടപടലിനെ തുടര്‍ന്നാണ് തീരുമാനമെന്ന് സൗദി വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയിതു. യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ ഖത്തറിന് സമയം നീട്ടിനല്‍കുന്നതിനോട് യോജിച്ചു. 

ഉപരോധം പിന്‍വലിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളെ സംബന്ധിച്ചുള്ള മറുപടി കുവൈത്ത് അമിര്‍ ഷെയ്ക്ക് സബ അല്‍ അഹമ്മദ് അല്‍ സബയ്ക്ക് കൈമാറുമെന്ന് ഖത്തര്‍ അറിയിച്ചതായും അതിനാല്‍ സമയം നീട്ടി നല്‍കണമെന്നുമുള്ള കുവൈത്ത് ഗവണ്‍മെന്റിന്റെ അഭ്യര്‍ഥന അംഗീകരിച്ചാണ് ഇപ്പോഴത്തെ നടപടി. 

ഭീകരപ്രസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉപേക്ഷിക്കാനും അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുന്നതും ഉള്‍പ്പെടെ 13 വ്യവസ്ഥകളാണ് സൗദിയും സഖ്യരാജ്യങ്ങളും ഖത്തറിന് മുന്നില്‍ വെച്ചിരുന്നത്. വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിരുന്നത്. ഇതേതുടര്‍ന്നാണ് കുവൈത്ത് അമിര്‍ മധ്യസ്ഥനായി ഇടപെടുന്നത്. 

ഖത്തര്‍ നിലപാട് മാറ്റാതെ യാതൊരു സമവായത്തിനും സാധ്യതയില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍. എന്നാല്‍ മുന്നോട്ടുവെച്ച ഉപാധികള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഖത്തര്‍ പറയുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഖത്തറിന് മേല്‍ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത്.  ജൂണ്‍ 22 ന് ഉപരോധം പിന്‍വലിക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.