ദോഹ: നയതന്ത്ര-സാമ്പത്തിക ഉപരോധത്തിനെതിരെയുള്ള ഖത്തറിന്റെ വിവേകപൂര്‍വമായ നയം ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പദ്ധതികളെ നിഷ്ഫലമാക്കിയെന്ന് നഗരസഭ പരിസ്ഥിതിമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി.

രാജ്യത്തിന്റെ രാഷ്ട്രീയനേതൃത്വം തികഞ്ഞ സംയമനത്തോടെ വിവേകപൂര്‍വമായ നയമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാനയത്തിലൂടെ ഭീഷണിയേയും വെല്ലുവിളികളേയും ഖത്തര്‍ അതിജീവിച്ചു. ഭക്ഷണം, മരുന്ന്, അസംസ്‌കൃതവസ്തുക്കള്‍ എന്നിവയില്‍ ഹ്രസ്വകാലത്തിനുള്ളില്‍ സുസ്ഥിരത ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. റോമില്‍ നടക്കുന്ന 40-ാമത് ഭക്ഷ്യ-കാര്‍ഷികസംഘടനയായ എഫ്.എ.ഒ.യുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതിരഹിതവും നിയമവിരുദ്ധവുമായ ഉപരോധമാണ് രാജ്യം നേരിടുന്നത്. രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതി, ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണം തുടങ്ങിയ കാര്യങ്ങളെല്ലാം സൗദി സഖ്യരാജ്യങ്ങള്‍ വിലക്കി. അയല്‍രാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികള്‍ മേഖലയിലെ ഭക്ഷ്യസുരക്ഷയെയാണ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രനിയമങ്ങളുടേയും പ്രത്യേകിച്ച് യു.എന്‍. നിയമം, അന്താരാഷ്ട്ര മനുഷ്യാവകാശനിയമം, അറബ് ലീഗിന്റെ നിയമം, ഗള്‍ഫ് സഹകരണകൗണ്‍സിലിന്റെ ലിഖിതനിയമം എന്നിവയുടെയെല്ലാം വ്യക്തമായ ലംഘനമാണ് അയല്‍രാജ്യങ്ങള്‍ നടത്തിയത്.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും നിര്‍മാണശ്രമങ്ങള്‍ക്കും തടസ്സം വരുത്താനും ജനങ്ങളുടെ ജീവിതത്തിന് ഭീഷണി ഉയര്‍ത്താനും ദേശീയ ഭക്ഷ്യസുരക്ഷാനയം തടസ്സപ്പെടുത്താനുമെല്ലാം ലക്ഷ്യമിട്ടാണ് സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്. പ്രതിസന്ധി തരണംചെയ്യാന്‍ സഹായിച്ച എല്ലാ രാജ്യങ്ങള്‍ക്കുമുള്ള നന്ദിയും അദ്ദേഹം പ്രകടമാക്കി.
 
മേഖലയിലെ മാത്രമല്ല ആഗോള ഭക്ഷ്യസുരക്ഷയേയും ബാധിക്കുമെന്നതിനാല്‍ ഉപരോധം പിന്‍വലിക്കാന്‍ സൗദി സഖ്യരാജ്യങ്ങളോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എഫ്.എ.ഒ.യും സമ്മേളനവും സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ അപലപിക്കണമെന്നും അദ്ദേഹമാവശ്യപ്പെട്ടു. സമ്മേളനത്തോടനുബന്ധിച്ച് നിരവധി രാജ്യങ്ങളിലെ ഉന്നതപ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചനടത്തി. എഫ്.എ.ഒ. അധികൃതരുമായി കഴിഞ്ഞദിവസം ഉപരോധത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ചര്‍ച്ചചെയ്തിരുന്നു.