ദോഹ: ജലസേചനത്തില്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നതില്‍ പുതിയ ജലസേചന സംവിധാനം വിജയകരമെന്ന് അധികൃതര്‍.

നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക് വകുപ്പാണ് പുതിയ സംവിധാനത്തിന് അനുമതി നല്‍കിയത്. അമ്പത് ശതമാനത്തോളം വെള്ളം ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് മാത്രമല്ല ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചക്കും സഹായകമാകുന്നുണ്ട്.
 
പബ്ലിക് പാര്‍ക്ക് വകുപ്പിലെ സാങ്കേതിക കമ്മിറ്റിയാണ് സംവിധാനം പരിശോധിച്ച് വിലയിരുത്തിയത്. എല്ലാതരം ചെടികള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവില്‍ നല്ല ഫലമാണ് പുതിയ സംവിധാനം നല്‍കുന്നത്. ഈന്തപ്പന, സീസണല്‍ ചെടികള്‍ എന്നിവയുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും സംവിധാനം പ്രയോജനകരമാകുന്നുണ്ട്.

പബ്ലിക് പാര്‍ക്കുകളിലെ ജലസേചനത്തില്‍ വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആധുനിക സംവിധാനമാണ് ഉപയോഗിച്ചത്. വെള്ളം മാത്രമല്ല പരമ്പരാഗത വെളിച്ച സംവിധാനം മാറ്റി എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചതോടെ വൈദ്യുതിയും ലാഭിക്കാന്‍ കഴിയുന്നുണ്ടെന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്ന പുതിയ ജലസേചന സംവിധാനം പൂര്‍ണമായും വിജയകരമാണ്. സര്‍ക്കാരിന്റെ ഹരിത, സൗന്ദര്യവത്കരണ പദ്ധതികളിലും പുതിയ സംവിധാനം പ്രയോജനപ്പെടുത്തും.