ദോഹ: ഉംസലാലിലെ പുതിയ സെന്‍ട്രല്‍ മീന്‍ ചന്തയിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. ഏപ്രില്‍ ആദ്യവാരമാണ് അബു ഹമൂറില്‍ സ്ഥിതി ചെയ്തിരുന്ന സെന്‍ട്രല്‍ മീന്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം ഉംസലാലിലേക്ക് മാറ്റിയത്. ദോഹ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന തിരക്കേറിയ മീന്‍ ചന്തയുടെ പ്രവര്‍ത്തനം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള ഉംസലാലിലേക്ക് മാറ്റിയതോടെ കച്ചവടക്കാര്‍ക്ക് പതിവ് ഉപഭോക്താക്കളെ നഷ്ടമായി. അബുഹമൂറില്‍ ഈസ്റ്റര്‍, വിഷു ദിവസങ്ങളിലെല്ലാം ഉപഭോക്താക്കളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഉംസലാലില്‍ ഇത്തവണ ഈസ്റ്റര്‍, വിഷു ദിനങ്ങളില്‍ വളരെ കുറച്ച് പേരെ എത്തിയുള്ളൂവെന്ന് വ്യാപാരികള്‍ പറഞ്ഞു.

ഉപഭോക്താക്കളുടെ അഭാവത്തെ തുടര്‍ന്ന് വില്‍പ്പനയില്‍ 90 ശതമാനമാണ് കുറവെന്ന് മീന്‍ വ്യാപാരികളില്‍ ഒരാള്‍ പറഞ്ഞു. അബു ഹമൂറിലെ മീന്‍ ചന്തയില്‍ പ്രതിദിനം 5,000 മുതല്‍ പതിനായിരം റിയാല്‍ വരെയാണ് മീന്‍ കച്ചവടം നടന്നിരുന്നത്. പുതിയ സ്ഥലത്തേക്ക് മാറിയതോടെ പ്രതിദിനം 400 നും ആയിരം റിയാലിനും ഇടയില്‍ മാത്രമാണ് കച്ചവടം നടക്കുന്നത്. മീന്‍ വ്യാപാരികളെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ നാളുകളാണിതെന്നും വരും മാസങ്ങളില്‍ കച്ചവടം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികള്‍ പറഞ്ഞു.

മുന്‍ വര്‍ഷങ്ങളില്‍ അബുഹമൂറില്‍ ഈസ്റ്റര്‍ ദിവസം 20,000 റിയാലില്‍ അധികം കച്ചവടം നടന്ന സ്ഥാനത്ത് ഇത്തവണ പുതിയ ചന്തയിലേക്ക് മാറിയതിനാല്‍ കച്ചവടം 1,500 റിയാല്‍ താഴെയാണ് നടന്നതെന്ന് സെയില്‍സ്മാന്‍ പറഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞതും പ്രാദേശിക മീന്‍ ലഭ്യത വര്‍ധിച്ചതും വിപണിയില്‍ മീന്‍ വിലയും കുറച്ചിട്ടുണ്ട്. സമീപ ദിവസങ്ങളിലായി കിങ്ഫിഷിന്റെയും ഹമൂറിന്റെയും കയറ്റുമതി ഇരട്ടിയായി. ഇവക്ക് സൗദി അറേബ്യ, ഒമാന്‍, യു.എ.ഇ എന്നിവിടങ്ങളില്‍ ആവശ്യക്കാരേറെയാണ്.

ശമാല്‍ എക്‌സ്​പ്രസ് വേയില്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കണം

ദോഹയില്‍ നിന്ന് ഇത്രയും ദൂരത്തേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതും വലിയ വെല്ലുവിളിയാണ്. ശമാല്‍ എക്‌സ്​പ്രസ് വേയില്‍ നിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ നിന്നും പുതിയ മീന്‍ ചന്തയിലേക്ക് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ശമാല്‍ എക്‌സ്​പ്രസ് വേയില്‍ നിന്ന് ചന്തയിലേക്ക് ബന്ധിപ്പിക്കുന്ന ഓര്‍ബിറ്റല്‍ ട്രക്ക് റൂട്ടില്‍ തെരുവ് വിളക്ക് ശരിയായി സ്ഥാപിക്കണം. ഓര്‍ബിറ്റല്‍ ട്രക്ക് റൂട്ടിലെ കനത്ത ഗതാഗതക്കുരുക്കും വ്യാപാരികള്‍ക്ക് വെല്ലുവിളിയാണ്.

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ ആറ് മുതല്‍ പത്തര വരെയും ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി പത്ത് വരെയുമാണ് പ്രവര്‍ത്തനം. അതേസമയം വിശദമായ പഠനത്തിന് ശേഷമാണ് ഉം സലാലിലേക്ക് സെന്‍ട്രല്‍ മീന്‍ ചന്ത മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുഹമൂറിലെത്തുന്ന 70 ശതമാനത്തോളം മീനും അല്‍ഖോര്‍, അല്‍ ശമാല്‍ എന്നിവിടങ്ങളില്‍ നിന്നും 30 ശതമാനം അല്‍ വഖ്‌റയില്‍ നിന്നുമാണ് എത്തുന്നത്. രാജ്യത്ത് നല്ല മീന്‍ ലഭിക്കുന്നതിന്റെ പ്രധാന ഉറവിടത്തിന് സമീപമാണ് ഉംസലാലെന്നും ഇത് കണക്കിലെടുത്താണ് മീന്‍ ചന്ത മാറ്റിയതെന്നും അധികൃതര്‍ അറിയിച്ചു.