ദോഹ: രാജ്യത്ത് ചൂട് കനത്തതോടെ വിപണിയില്‍ എയര്‍കണ്ടീഷണറുകള്‍ക്ക് ആവശ്യക്കാരേറുന്നു. ഊര്‍ജക്ഷമത ഉറപ്പാക്കുന്ന ഹരിത എ.സി.കളുടെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ വര്‍ധിക്കുന്നതായി വിപണി വൃത്തങ്ങള്‍ വെളിപ്പെടുത്തി. 2016 ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് ഊര്‍ജക്ഷമത കുറഞ്ഞ പരമ്പരാഗത എയര്‍കണ്ടീഷണറുകളുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചിരുന്നു. കൈവശമുള്ള സ്റ്റോക്ക് നീക്കാനായി ജനുവരി ഒന്ന് വരെ വ്യാപാരികള്‍ക്ക് സമയം നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷം പൊതുവേ എ.സി. വില്‍പ്പനയില്‍ ഗണ്യമായ കുറവുവന്നിരുന്നു. എന്നാല്‍ ഇത്തവണ ഏപ്രില്‍ പകുതിയാകുമ്പോഴേക്കും താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ എ.സി.ക്ക് ആവശ്യക്കാരും വര്‍ധിക്കുന്നതായി പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഹൈപ്പര്‍, ഇലക്ട്രോണിക് മാര്‍ക്കറ്റുകളിലും വേനല്‍ വില്‍പ്പന ആരംഭിച്ചു. പൊതുവേ ഹരിത എ.സി.കളുടെ വിലയില്‍ വര്‍ധനയുണ്ട്. പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ചും ഹരിത എ.സി.കളുടെ നേട്ടത്തെക്കുറിച്ചും ഉപഭോക്താക്കള്‍ ബോധവാന്മാരായതിനാല്‍ വിലക്കൂടുതല്‍ പ്രശ്‌നമായി കാണുന്നില്ലെന്നും വ്യാപാരികള്‍ പറഞ്ഞു.

പ്രതിമാസ വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവ് വരുത്താന്‍ ഊര്‍ജക്ഷമത ഉറപ്പാക്കുന്ന എ.സി.കള്‍ക്ക് സാധിക്കും. പരമ്പരാഗത എ.സി.യെക്കാള്‍ ഹരിത എ.സി.കളുടെ വിലയില്‍ ഏകദേശം 15 മുതല്‍ 20 ശതമാനംവരെ വര്‍ധനയുണ്ട്. വിന്‍ഡോ എ.സി.യെക്കാളും സ്​പ്ലിറ്റ് എ.സി.കള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. നിലവില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഏഴു നക്ഷത്രങ്ങള്‍ വരെയുള്ള ഹരിത എ.സി.കള്‍ വിപണിയിലുണ്ട്.