ദോഹ: മാസങ്ങളോളം തൊഴിലാളികള്‍ക്ക് ശമ്പളം വൈകിയതിനെത്തുടര്‍ന്ന് തൊഴിലുടമയ്ക്ക് അപ്പീല്‍ കോടതി ഒരുലക്ഷം റിയാല്‍ പിഴ ചുമത്തി.

കുടിശ്ശിക ഉള്‍പ്പെടെ മുഴുവന്‍ തുകയും എല്ലാ തൊഴിലാളികള്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കമ്പനി കഴിഞ്ഞ കുറേമാസങ്ങളായി ശമ്പളം വൈകിച്ചതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍ തൊഴിലുടമ രാജ്യത്തിന്റെ തൊഴില്‍നിയമം ലംഘിക്കുന്നതായി വ്യക്തമായി.
 
പുതിയ തൊഴില്‍ നിയമപ്രകാരം ശമ്പളം നിശ്ചിതതീയതിക്കുള്ളില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. നിശ്ചിത തീയതിക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ ശമ്പള തീയതിമുതല്‍ ഏഴ് ദിവസത്തിനകം ശമ്പളം നല്‍കിയിരിക്കണമെന്നാണ് നിയമം. കമ്പനിയിലെ തൊഴിലാളികളോട് ഒന്നുകില്‍ കമ്പനിയില്‍ തുടരുകയോ അല്ലെങ്കില്‍ സ്വദേശത്തേക്ക് മടങ്ങുകയോ ചെയ്യാമെന്നും കോടതി നിര്‍ദേശിച്ചു. തൊഴിലാളി സ്വദേശത്തേക്ക് മടങ്ങുകയാണെങ്കില്‍ മുഴുവന്‍ യാത്രാചെലവും തൊഴിലുടമ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
 
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്ന പുതിയ തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടികള്‍ രാജ്യം സ്വീകരിക്കുന്നതിന്റെ തെളിവാണ് ഈ നടപടി. തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.