ദോഹ: ഖത്തറുമായി മികച്ചബന്ധം നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദോഹയിലെ അമേരിക്കന്‍ സൈനികതാവളം സംബന്ധിച്ച് ഒരുപ്രശ്‌നവുമില്ലെന്നും സി.ബി.എന്‍. ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വെളിപ്പെടുത്തി. ദോഹയിലെ സൈനികതാവളം വേണ്ടെന്നുവെച്ചാല്‍ അമേരിക്കയുടെ സൈനികതാവളം സജ്ജമാക്കാന്‍ തയ്യാറായി പത്ത് രാജ്യങ്ങളുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ദോഹയിലെ അല്‍ ഉദൈദിലെ അമേരിക്കന്‍ സൈനികതാവളത്തില്‍ പതിനായിരത്തോളം സൈനികരാണുള്ളത്.

സൗദി രാജാവുമായി വെള്ളിയാഴ്ച ചര്‍ച്ചനടത്തിയതായും ട്രംപ് വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചനടത്തിയത്. തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തലാക്കുന്നത് സംബന്ധിച്ചും ചര്‍ച്ചചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ജൂണ്‍ അഞ്ചിന് സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സൗദിയെ പിന്തുണച്ച് ട്രംപ് ട്വിറ്ററില്‍ നിരവധി പ്രസ്താവനകള്‍ നടത്തിയിരുന്നത് വിവാദമായിരുന്നു.

മേയില്‍ റിയാദ് ഉച്ചകോടിക്കിടെ സൗദിയുമായി അമേരിക്ക 11,000 കോടി ഡോളറിന്റെ ആയുധകരാറില്‍ ഒപ്പിട്ടിരുന്നു. കഴിഞ്ഞമാസം ഖത്തറും അമേരിക്കയും തമ്മില്‍ 15 യുദ്ധവിമാനങ്ങള്‍ക്കായി 1200 കോടി റിയാലിന്റെ കരാറും ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഗള്‍ഫ് പ്രതിസന്ധിയെത്തുടര്‍ന്ന് സൗദിക്കുള്ള ആയുധങ്ങള്‍ നല്‍കുന്നത് യു.എസ്. വിലക്കുകയും ചെയ്തു. ഖത്തറും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാനായി യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍, ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ബോറിസ് ജോണ്‍സണ്‍ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ഗള്‍ഫ് പര്യടനം നടത്തിയിരുന്നു.

ടില്ലേഴ്‌സന്റെ സന്ദര്‍ശനത്തെ അതീവപ്രധാന്യത്തോടെയാണ് ലോകം നോക്കിക്കണ്ടത് സൗദി സഖ്യരാജ്യങ്ങളുമായും കുവൈത്ത്, ഖത്തര്‍ അമീറുമാരുമായും ടില്ലേഴ്‌സണ്‍ ചര്‍ച്ചനടത്തിയിട്ടുണ്ട്. ടില്ലേഴ്‌സന്റെ സന്ദര്‍ശനം പരാജയമല്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പ്രതികരിച്ചിരുന്നു. ഖത്തറുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്ത ശേഷമാണ് ടില്ലേഴ്‌സണ്‍ മടങ്ങിയത്. ഖത്തറും അമേരിക്കയും തമ്മില്‍ തീവ്രവാദ ധനസഹായത്തിനെതിരെ കരാര്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു.