ദോഹ: ഖത്തര്‍ഗ്യാസും പോളണ്ട് എണ്ണ-വാതക കമ്പനിയായ പി.ജി.എന്‍.ഐ.ജി.യുമായി പുതിയ കരാര്‍ ഒപ്പുവെച്ചു.

ദ്രവീകൃത പ്രകൃതിവാതകത്തിന്റ നിലവിലെ കയറ്റുമതിക്കുപുറമേ അധിക കയറ്റുമതിക്കായാണ് പുതിയകരാര്‍ ഒപ്പുവെച്ചത്. ഇതുപ്രകാരം പ്രതിവര്‍ഷം ഇരുപത് ലക്ഷം ടണ്‍ അധികവാതകമാണ് പോളണ്ടിലേക്ക് കയറ്റുമതിചെയ്യുന്നത്. 2018 ജനുവരി ഒന്നുമുതല്‍ക്കാണ് പുതിയകരാര്‍. 2034 ജൂണില്‍ കരാര്‍ അവസാനിക്കും.

കോണോകോഫിലിപ്പ്‌സ്, മിത്സുയി ആന്‍ഡ് കമ്പനി ലിമിറ്റഡ് എന്നിവയുടെ സംയുക്തസംരഭമായ ഖത്തര്‍ ഗ്യാസ് മൂന്നില്‍നിന്നാണ് പോളണ്ടിലേക്ക് ദ്രവീകൃത പ്രകൃതിവാതകം വിതരണംചെയ്യുന്നത്. ഖത്തര്‍ ഗ്യാസിന്റെ ക്യൂ ഫ്‌ളെക്‌സ് എല്‍.എന്‍.ജി. ചരക്ക് കപ്പലാണ് പോളണ്ടിലേക്ക് വാതകമെത്തിക്കുന്നത്.

പുതിയ കരാറില്‍ ഏര്‍പ്പെടാന്‍കഴിഞ്ഞതില്‍ ഖത്തര്‍ ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാദ് ഷെരീദ അല്‍കാബി സന്തോഷം പ്രകടിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും വിശ്വാസയോഗ്യവുമായ ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ അന്താരാഷ്ട്രനിലവാരം നിലനിര്‍ത്തുന്നതിനുള്ള ഖത്തര്‍ ഗ്യാസിന്റെ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.