ദോഹ: രാജ്യത്തിനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുകയെന്ന സൗദി സഖ്യ രാജ്യങ്ങളുടെ നയം പരാജയപ്പെട്ടെന്ന് ബ്രസീലിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഹെയ്കി.

സാമ്പത്തികമായും രാഷ്ട്രീയമായും ഖത്തറിനു മേല്‍ സമ്മര്‍ദം ചെലുത്തുകയെന്ന തന്ത്രമാണ് പരാജയപ്പെട്ടത്. സൗദി സഖ്യത്തിന് ഗള്‍ഫ് പ്രതിസന്ധിയില്‍ വിവേകപൂര്‍വമായ സമീപനം നടത്താനുള്ള സമയമാണിപ്പോഴുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത്, ഒമാന്‍ നേതൃത്വങ്ങളുടെ വാക്കുകള്‍ നിര്‍ബന്ധമായും സൗദി സഖ്യം കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സൗദി സഖ്യം മുന്നോട്ടുവെച്ച പതിമൂന്ന് ഉപാധികളും നടപ്പാക്കാന്‍ കഴിയാത്തതാണ്.

കെട്ടിച്ചമച്ച ആരോപണങ്ങളാണ് സൗദി സഖ്യം ഉന്നയിച്ചത്. ഇവയെല്ലാം ഒരു തെളിവുപോലും നല്‍കാന്‍ കഴിയാത്തതിനാല്‍ പരാജയപ്പെടുകയും ചെയ്തു. നുണകളും കെട്ടിചമച്ചതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങള്‍ ദീര്‍ഘനാള്‍ നിലനില്‍ക്കില്ലെന്നും അഹമ്മദ് അല്‍ ഹെയ്കി പറഞ്ഞു. അനുരഞ്ജന ചര്‍ച്ചയല്ലാതെ സൗദി സഖ്യത്തിന് മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച തീവ്രവാദ സഹായധനത്തിനെതിരെയുള്ള കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന് ഒന്നും ഒളിക്കാന്‍ ഇല്ലെന്നും തീവ്രവാദത്തിനെതിരെ ഗൗരവമായ നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഉപാധി പട്ടികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.