ദോഹ: ദേശീയ മനുഷ്യാവകാശ കമ്മിറ്റിയും (എന്‍.എച്ച്.ആര്‍.സി.) സ്വിറ്റ്‌സര്‍ലന്‍ഡിലെ നിയമസ്ഥാപനവും തമ്മില്‍ കരാര്‍ ഒപ്പിട്ടു. സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അവകാശലംഘനത്തിന് ഇരയാക്കപ്പെട്ട ഗള്‍ഫ് പൗരന്മാര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനാണ് കരാര്‍ ഒപ്പിട്ടത്. ജനീവയില്‍ സ്വിസ് നിയമസ്ഥാപനമായ ലാലൈവ് മേധാവി ഡോ. വെയ്‌ജോ ഹെസ്‌കാനെനും എന്‍.എച്ച്.ആര്‍.സി. ചെയര്‍മാന്‍ ഡോ. അലി ബിന്‍ സമൈക് അല്‍മാരിയുമാണ് കരാറില്‍ ഒപ്പിട്ടത്.

കരാര്‍പ്രകാരം എന്‍.എച്ച്.ആര്‍.സി.ക്കെതിരെ അല്‍ അറാബിയ ടെലിവിഷന്‍ ചാനല്‍ കെട്ടിച്ചമച്ച ആരോപണങ്ങളെക്കുറിച്ചും സ്വിസ് സ്ഥാപനം നിയമനടപടി സ്വീകരിക്കും. ഉപരോധവുമായി ബന്ധപ്പെട്ട് ലഭിച്ച 2,450-ഓളം പരാതികളും സ്ഥാപനത്തിന് കൈമാറിയതായി ഡോ. അല്‍മാരി പറഞ്ഞു. കരാര്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ വിഷയങ്ങളില്‍ ദീര്‍ഘപരിചയമുള്ള സ്വതന്ത്രമായ അന്താരാഷ്ട്ര സ്ഥാപനമാണ് ലാലൈവെന്നും അദ്ദേഹം പറഞ്ഞു. പരാതികളില്‍ അന്താരാഷ്ട്ര പരിധിയില്‍ വരുന്ന കോടതികളിലും ഉപരോധ രാജ്യങ്ങളിലെ ദേശീയ കോടതികളിലും വ്യവഹാരം സമര്‍പ്പിക്കും.

ഓരോ പരാതിയിലും സമഗ്രമായ പഠനം നടത്തിയശേഷമാകും പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുക. രാഷ്ട്രീയതലത്തില്‍ പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ ഓരോ പൗരനും അവകാശം തിരികെ ലഭിക്കുന്നതുവരെ കേസ് നിലനില്‍ക്കും. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ ദേശീയ കോടതികള്‍ കേസ് നിരസിച്ചാല്‍ അന്താരാഷ്ട്ര സംഘടനകളും നിയമസ്ഥാപനങ്ങളും കോടതിയും അവരെ കുറ്റക്കാരായി കണക്കാക്കും. മനുഷ്യാവകാശ കൗണ്‍സില്‍ അംഗീകരിച്ചതും അന്താരാഷ്ട്ര നിയമപ്രകാരവുമുള്ള നഷ്ടപരിഹാരത്തിന് പൗരന്മാര്‍ അര്‍ഹരാണ്.

ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് എതിരാണെന്ന് വെയ്‌ജോ അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കത്തിനിടയില്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമെല്ലാം ഉപരോധം ഏര്‍പ്പെടുത്തുന്നത് നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധം ബാധിച്ചത് 13,314 പേരെ

അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം 13,314 ഗള്‍ഫ് പൗരന്മാരെയാണ് നേരിട്ട് ബാധിച്ചതെന്ന് എന്‍.എച്ച്.ആര്‍.സി. വ്യക്തമാക്കി. യാത്ര, വിദ്യാഭ്യാസം, തൊഴില്‍, അഭിപ്രായസ്വാതന്ത്ര്യം, താമസം, ഉടമസ്ഥാവകാശം എന്നിവയെല്ലാം ലംഘിക്കപ്പെട്ടതായി എന്‍.എച്ച്.ആര്‍.സി. പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. സൗദി, യു.എ.ഇ., ബഹ്‌റൈന്‍ രാജ്യങ്ങളില്‍നിന്ന് പുറത്തുപോകാന്‍ 14 ദിവസത്തെ സമയമാണ് ഖത്തറി പൗരന്മാര്‍ക്ക് നല്‍കിയത്.

ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധത്തെ തുടര്‍ന്ന് കര, സമുദ്ര, വ്യോമ അതിര്‍ത്തികള്‍ അടച്ചു. എല്ലാ മനുഷ്യാവകാശങ്ങളും ലംഘിച്ചുകൊണ്ടുള്ള നടപടികളാണ് മൂന്ന് രാജ്യങ്ങളും സ്വീകരിച്ചത്. ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ പഠിച്ചുകൊണ്ടിരുന്ന ഖത്തറി വിദ്യാര്‍ഥികളുടെ ഭാവി അനശ്ചിതത്വത്തിലാക്കി. മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള ഏകദേശം 11,387 പൗരന്മാരാണ് ഖത്തറില്‍ താമസിക്കുന്നത്. ഉപരോധരാജ്യങ്ങളില്‍ 1,927 ഖത്തറി പൗരന്മാരുമാണുള്ളത്.

അമ്മമാരില്‍നിന്ന് മക്കളെ വേര്‍പിരിച്ചത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളിലാണ് പൗരന്മാര്‍. സൗദി-ഖത്തറി, ബഹ്‌റൈനി-ഖത്തറി, എമിറാത്തി-ഖത്തറി തുടങ്ങിയ മിശ്രകുടുംബങ്ങള്‍ വേര്‍പിരിക്കപ്പെട്ടു. ഉപരോധത്തില്‍നിന്ന് പൗരന്മാരെ ഒഴിവാക്കുന്നെന്ന് സൗദി സഖ്യരാജ്യങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ പര്യാപ്തമല്ലെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കിയിരുന്നു. അതേസമയം ഉപരോധരാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരെ ഖത്തറി സര്‍ക്കാര്‍ ഒരുതരത്തിലുമുള്ള നടപടികളും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഗള്‍ഫ് സമൂഹങ്ങളിലെ സവിശേഷതകളെ ബഹുമാനിക്കണമെന്ന് സൗദിസഖ്യരാജ്യങ്ങളോട് റിപ്പോര്‍ട്ട് ആഹ്വാനം ചെയ്തു. കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന തരത്തില്‍ തീരുമാനം എടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും എത്രയും വേഗം ഇത്തരം തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.