ദോഹ: രാജ്യത്ത് ആഭ്യന്തര ഇറച്ചിഉത്പാദനം വര്‍ധിച്ച സാഹചര്യത്തില്‍ കന്നുകാലിഫാമുകള്‍ക്ക് ആവശ്യമായ പിന്തുണനല്‍കുമെന്ന് നഗരസഭാ പരിസ്ഥിതിമന്ത്രാലയം.

കന്നുകാലിഫാമുകള്‍ക്കും കമ്പനികള്‍ക്കും സൗജന്യചികിത്സയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുമെന്ന് മന്ത്രാലയത്തിലെ ലൈവ്‌സ്റ്റോക്ക് വകുപ്പ് അധികൃതര്‍ അറിയിച്ചു. കന്നുകാലിഫാമുകള്‍ക്ക് കാലിത്തീറ്റവിലയില്‍ അറുപതുശതമാനം സബ്‌സിഡിയാണ് സാമ്പത്തിക വാണിജ്യമന്ത്രാലയം അനുവദിച്ചിരിക്കുന്നതെന്ന് ലൈവ്‌സ്റ്റോക്ക് വകുപ്പിലെ വെറ്ററിനറി ഡോക്ടര്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മാരി പറഞ്ഞു.
 
നിലവില്‍ കന്നുകാലിഫാമുകളില്‍ 10.3 ലക്ഷം കന്നുകാലികളാണുള്ളത്. ഇവയില്‍ 63 ശതമാനവും ചെമ്മരിയാടുകളാണ്. 27 ശതമാനം ആടുകളും ഏഴ് ശതമാനം ഒട്ടകങ്ങളും രണ്ട് ശതമാനം പശുക്കളുമാണ്.

സ്വകാര്യകമ്പനികളായ ഗാദീര്‍, അല്‍ റൗദ അബ്ദുല്ല ബിന്‍ റാഷിദ് ഫാം, ബലദന ഫാം തുടങ്ങിയ കമ്പനികളിലായി ഏകദേശം 47,000 കന്നുകാലികളുമുണ്ട്. ഒമ്പത് മൃഗപരിപാലനകേന്ദ്രങ്ങളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായുള്ളത്. ഇവിടങ്ങളിലെല്ലാം ചികിത്സാസൗകര്യവുമുണ്ട്. സെന്‍ട്രല്‍ മാര്‍ക്കറ്റിലും മൃഗാസ്​പത്രിയുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ആശുപത്രികളും ഇവിടെയുണ്ട്. അധികം താമസിയാതെ മൂന്ന് മൃഗാസ്​പത്രികള്‍ കൂടി തുടങ്ങുമെന്നും അല്‍മാരി പറഞ്ഞു.

നിശ്ചിതഎണ്ണം കന്നുകാലികള്‍ ഉള്ളവര്‍ക്ക് കന്നുകാലി ഫാമുകള്‍ തുടങ്ങാന്‍ സൗജന്യമായി ഭൂമി ഉള്‍പ്പെടെയുള്ള പിന്തുണയാണ് നല്‍കുന്നതെന്നും അല്‍മാരി പറഞ്ഞു. ഇറക്കുമതിചെയ്യുന്ന കന്നുകാലികളെ പരിശോധിക്കാനായി കസ്റ്റംസ് വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കന്നുകാലികള്‍ സാംക്രമികരോഗബാധിതരല്ലെന്ന് ഉറപ്പാക്കിയശേഷമാണ് വിപണിയിലെത്തിക്കുന്നത്. വേനല്‍ക്കാലത്ത് കന്നുകാലികള്‍ക്ക് രോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ മൃഗാസ്​പത്രിയിലെത്തി കന്നുകാലികള്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കണമെന്ന് ഫാം ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്.