ദോഹ: രാജ്യത്തെ ആദ്യ വിദ്യാഭ്യാസ വിനിമയ സമ്മേളനം മേയ് ഒമ്പത്, പത്ത് തീയതികളില്‍ വെസ്റ്റിന്‍ ദോഹ ഹോട്ടലില്‍ നടക്കും.

വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മദിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും (ക്യു.സി) പങ്കാളിത്തത്തോടെ എഡെക്‌സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

സ്വകാര്യമേഖലയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ക്യു.സി. സമ്മേളനത്തിന് പിന്തുണ നല്‍കുന്നത്. സമ്മേളനത്തിലൂടെ രൂപപ്പെടുന്ന നൂതനപരിഹാരങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കൂടുതല്‍ മത്സരക്ഷമതയുള്ളതാക്കുമെന്ന് ക്യു.സി. ബോര്‍ഡ് അംഗം മുഹമ്മദ് അഹമ്മദ് അല്‍ ഒബൈദലി പറഞ്ഞു.

പാഠ്യപദ്ധതി, കഴിവ്, തൊഴില്‍, തൊഴില്‍പരമായ കാര്യക്ഷമത, ശാസ്ത്രവും സാങ്കേതികതയും, വ്യവസായം, ഡിജിറ്റല്‍ കഴിവ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യം നേടാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് സമ്മേളനമെന്നും അല്‍ ഒബൈദലി പത്രസമ്മേളനത്തില്‍ പറഞ്ഞു.

പ്രദര്‍ശനത്തിന്റെ ഭാഗമായി എഡ് ടെക്, കെ-12, ഉന്നത വിദ്യാഭ്യാസം എന്നിവയില്‍ പ്രദര്‍ശനവും സെമിനാറും നടക്കും. രണ്ടുദിവസം മുഴുദിന വിദ്യാഭ്യാസ നിക്ഷേപസമ്മേളനവും നടക്കും. നിക്ഷേപം ആകര്‍ഷിക്കുന്നതെങ്ങനെ, ഘടനാ കരാറുകള്‍, അവസരങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധ്യമാകും. രാജ്യത്തെ വിദ്യാഭ്യാസവിദഗ്ധര്‍ക്ക് ആവശ്യമായ പരിഹാരങ്ങളും പദ്ധതികളും പ്രദാനം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.