ദോഹ: അല്‍ റയ്യാന്‍-ദുഖാന്‍ കോറിഡോര്‍ പദ്ധതിയുടെ ഭാഗമായുള്ള അല്‍ റയ്യാന്‍ റോഡ് നവീകരണപദ്ധതിയുടെ ഒന്നാംഘട്ടം ഗതാഗതത്തിനായി തുറന്നു.

ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി, നഗരസഭ പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഹി, പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) പ്രസിഡന്റ് ഡോ. എന്‍ജിനീയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദി, ആഭ്യന്തരമന്ത്രാലയം, അല്‍ റയ്യാന്‍ നഗരസഭ, നഗരസഭാമന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അത്തിയ റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറുനിന്ന് ബാനി ഹാജിര്‍ റൗണ്ട് എബൗട്ടിന്റെ കിഴക്കുഭാഗം വരെയുള്ള 2.9 കിലോമീറ്ററാണ് ഗതാഗതത്തിനായി തുറന്നത്. അല്‍ ഖ്വാല, അല്‍ ഷാഫി ഇന്റര്‍ചേഞ്ചുകളും 7.4 കിലോമീറ്റര്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാതയും 5.3 കിലോമീറ്റര്‍ സൈക്കിള്‍ സവാരിക്കാര്‍ക്കുള്ള പാതയും ഉള്‍പ്പെടുന്നു. 180 കോടി റിയാലാണ് ഒന്നാം ഘട്ടത്തിന്റെ ചെലവ്.

പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതോടെ അല്‍ റയ്യാന്‍, മൈതര്‍, അല്‍ഷാഫി, ബാനി തുടങ്ങി പരിസരപ്രദേശങ്ങളില്‍ ഗതാഗതം സുഗമമാകും. ഇതോടെ ഈ മേഖലയിലെ യാത്രാസമയം 20 മുതല്‍ 30 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞതായി അഷ്ഘാല്‍ പ്രസിഡന്റ് വ്യക്തമാക്കി. അല്‍ റയ്യാന്‍-ദുഖാന്‍ കോറിഡോര്‍ പദ്ധതി 2018-ല്‍ പൂര്‍ത്തിയാകുന്നതോടെ ഗതാഗതം സുഗമമാകുകയും യാത്രാസമയം പകുതിയിലധികം കുറയ്ക്കാനും കഴിയും.

ഇരുവശങ്ങളിലേക്കും മൂന്നുവരിപ്പാത

അല്‍ റയ്യാന്‍ നവീകരണപദ്ധതിയില്‍ ഗതാഗതത്തിനായി തുറന്ന 2.9 കിലോമീറ്റര്‍ റോഡില്‍ ഇരുവശങ്ങളിലേക്കും മൂന്നുവരിപ്പാതയാണ്. പദ്ധതിയില്‍ അല്‍ ഷാഫി സ്ട്രീറ്റിനും അല്‍ റയ്യാന്‍ റോഡിനുമിടയില്‍ മൂന്ന് ഇന്റര്‍ചേഞ്ചുകള്‍, രണ്ട് അണ്ടര്‍പാസുകള്‍, ഗതാഗതസിഗ്നലുകള്‍, എന്നിവയെല്ലാമുണ്ട്. ഇവയുടെ പൂര്‍ത്തീകരണത്തോടെ അല്‍ ഖ്വാല സ്ട്രീറ്റിലെ പാര്‍പ്പിടമേഖലയിലും അല്‍ ഷാഫിയിലെ വാണിജ്യ മേഖലയിലും ഗതാഗതം സുഗമമാകും. അല്‍ റയ്യാന്‍ റോഡിനും അല്‍ വജ്ബ സ്ട്രീറ്റിനുമിടയിലുള്ള ഇന്റര്‍ചേഞ്ച് സിഗ്നല്‍ സംവിധാനത്തോടുകൂടിയതാണ്. ഇവയുടെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും. സൈക്കിള്‍ സവാരിക്കാര്‍ക്കായി പ്രത്യേകപാതയും പദ്ധതിയിലുണ്ട്.

സര്‍വീസ് തുരങ്കം, അഞ്ചുകിലോമീറ്ററോളം ഡ്രെയിനേജ് നെറ്റ് വര്‍ക്ക്, സ്വീവേജ് ശൃംഖല, തെരുവുവിളക്ക് സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവയും പദ്ധതിയിലുണ്ട്. ഒളിമ്പിക് റൗണ്ട് എബൗട്ടിന്റെ പടിഞ്ഞാറുനിന്ന് ദുഖാന്‍ റോഡിലേക്ക് അല്‍ ഷിഹാനിയ, അല്‍ ഒട്ടോറിയ, ലെജ്‌മെലിയ റോഡ് എന്നിവയെ ബന്ധിപ്പിച്ചുള്ള 45 കിലോമീറ്റര്‍ റോഡാണ് പദ്ധതിയിലുള്ളത്. അഞ്ച് എക്‌സ്​പ്രസ് വേ പദ്ധതിയിലൂടെയാണ് ഇതു നടപ്പാകുന്നത്. 17 പ്രധാന ഇന്റര്‍ചേഞ്ചുകളും മൂന്നുമുതല്‍ നാലുവരിപ്പാതകളുമുണ്ട്.