ദോഹ: പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ആറുമാസത്തിലൊരിക്കല്‍ സാങ്കേതിക പരിശോധന നടത്തണമെന്ന ഉത്തരവ് താത്കാലികമായി നിര്‍ത്തിവെച്ചു. ഗതാഗത ജനറല്‍ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവിലെ ഏതാനും വകുപ്പുകള്‍ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വരെയാണ് ഉത്തരവ് നടപ്പാക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
 
സാങ്കേതിക പരിശോധനയ്ക്ക് 500 റിയാല്‍ ഫീസ് എന്നതും പുനഃപരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അനുകൂലമായാകും പുതിയ മാറ്റങ്ങളെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സാങ്കേതിക പരിശോധനയ്ക്കായി പോയ വാഹനങ്ങള്‍ പുതിയ ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

രണ്ടുദിവസംമുമ്പാണ് വാഹന ഇന്‍ഷുറന്‍സ് ക്ലെയിം വ്യവസ്ഥ പരിഷ്‌കരിച്ചുകൊണ്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയത്. ഗതാഗതവകുപ്പിന്റെ ചട്ടങ്ങള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.