ദോഹ: ഓഗസ്റ്റില്‍ രാജ്യത്തെ എണ്ണ ഇതര കയറ്റുമതിയില്‍ 35.2 ശതമാനം വര്‍ധനയെന്ന് അധികൃതര്‍ജൂലായില്‍ 132.8 കോടി റിയാല്‍ ആയിരുന്നത് ഓഗസ്റ്റില്‍ 179.6 കോടി റിയാലായാണ് വര്‍ധിച്ചത്.
 
2016 ഓഗസ്റ്റില്‍ എണ്ണ ഇതര കയറ്റുമതി 149.3 കോടി റിയാലായിരുന്നു. വര്‍ഷാടിസ്ഥാനത്തില്‍ 20.3 ശതമാനമാണ് വര്‍ധന. ഖത്തര്‍ ചേംബറിലെ സ്വകാര്യമേഖലയിലെ വിദേശ വ്യാപാര വകുപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ പ്രഖ്യാപിച്ചത്.

ഓഗസ്റ്റില്‍ 2,819 ഒറിജിന്‍ സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ജൂലായില്‍ 58 രാജ്യങ്ങളായിരുന്നത് ഓഗസ്റ്റില്‍ 59 രാജ്യങ്ങളായി വര്‍ധിച്ചു. അറബ്, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍, തുര്‍ക്കി ഉള്‍പ്പെടെ പതിനൊന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ് രാജ്യങ്ങളൊഴികെ 17 ഏഷ്യന്‍ രാജ്യങ്ങള്‍, അറബ് രാജ്യങ്ങളൊഴികെ 13 ആഫ്രിക്കന്‍ രാജ്യങ്ങള്‍, മൂന്ന് നോര്‍ത്ത്, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണ് രാജ്യത്തിന്റെ എണ്ണ ഇതര ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തത്. ജൂലായിലെ പോലെതന്നെ ഒമാന്‍, നെതര്‍ലന്‍ഡ്‌സ്, തുര്‍ക്കി എന്നിവയാണ് എണ്ണ ഇതര കയറ്റുമതിയില്‍ മുന്‍നിരയിലെ രാജ്യങ്ങള്‍.

ഓഗസ്റ്റില്‍ ഒമാനിലേക്കാണ് (70.89 കോടി റിയാല്‍) ഏറ്റവും കൂടുതല്‍ എണ്ണ ഇതര ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 45 ശതമാനം വരുമിത്. രണ്ടാം സ്ഥാനത്ത് നെതര്‍ലന്‍ഡ്‌സും (16.911 കോടി റിയാല്‍), മൂന്നാമത് തുര്‍ക്കിയും (14.578 കോടി റിയാല്‍) നാലാമത് ഇന്ത്യയും (12.632 കോടി റിയാല്‍) ജര്‍മനി (11.26 കോടി റിയാല്‍) അഞ്ചാമതുമാണ് പട്ടികയിലുള്ളത്. കയറ്റുമതിയുടെ 80 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്.