ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി.) കീഴിലെ റുമൈല ആസ്​പത്രിയിലെ മെമ്മറി ക്ലിനിക്കില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് അധികൃതര്‍.

മെമ്മറി ക്ലിനിക്കിലേക്കുള്ള ലളിതമായ റഫറല്‍ നടപടികളും ക്ലിനിക്കിനെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണവുമാണ് ക്ലിനിക്കിലെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
 
ഓര്‍മക്കുറവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് മികച്ച വൈദ്യ ഉപദേശവും സേവനവും തേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ബോധവത്കരണം നടത്തുന്നത്.
 
പ്രത്യേകിച്ചും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ മറവിരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് എച്ച്.എം.സിയിലെ ജെറിയാട്രിക്‌സ്-ദീര്‍ഘകാല പരിചരണ വകുപ്പ് അധ്യക്ഷ ഡോ. ഹനാദി അല്‍ ഹമദ് പറഞ്ഞു.

എച്ച്.എം.സിയുടെ കീഴിലുള്ള ആസ്​പത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് മെമ്മറി ക്ലിനിക്കിലേക്ക് രോഗികളെ റഫര്‍ ചെയ്യുന്നതെന്നും ഡോ. അല്‍ ഹമദ് പറഞ്ഞു.
 
എജ്യുക്കേഷന്‍ സിറ്റിയില്‍ നടത്തിയ അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. അല്‍ ഹമദ്.
 
നിലവില്‍ റുമൈലയില്‍ രണ്ട് മെമ്മറി ക്ലിനിക്കുകളുണ്ട്. വാരാന്ത്യത്തില്‍ ശരാശരി എട്ട് മുതല്‍ പത്തുപേര്‍വരെ ക്ലിനിക്കുകളിലെത്തുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനമാണ് ക്ലിനിക്കുകളിലുള്ളത്.
 
ക്ലിനിക്കുകളിലെത്താന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്ക് വീടുകളിലെത്തിയും പരിചരണം നല്‍കുന്നുണ്ട്.

അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ കണക്കുപ്രകാരം രാജ്യത്ത് ഏകദേശം ആയിരം ഡിമെന്‍ഷ്യ രോഗം ബാധിച്ചവരാണുള്ളത്.
 
2050 ഓടെ രോഗികളുടെ എണ്ണം 49,000 ആയി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. മറവി രോഗത്തിന്റെ ആധിക്യത്തെക്കുറിച്ച് ഏറ്റവും കൃത്യമായ പുതിയ കണക്കുകള്‍ക്കായി സര്‍വേ നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.