ദോഹ: ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഭക്ഷ്യ ഇറക്കുമതി മാനദണ്ഡങ്ങള്‍ ഏപ്രില്‍ മുതല്‍ രാജ്യത്ത് പ്രാബല്യത്തിലാകും. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭക്ഷ്യവ്യാപാരം അനായാസമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള അടിസ്ഥാന സാങ്കേതിക നടപടികളും ജി.സി.സി. ഭക്ഷ്യ ഗൈഡ് അവതരിപ്പിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷ -പരിസ്ഥിതി ആരോഗ്യവിഭാഗം ഡയറക്ടര്‍ വാസന്‍ അബ്ദല്ല അല്‍ ബേക്കര്‍ പറഞ്ഞു. എല്ലാ ജി.സി.സി. രാജ്യങ്ങളിലും ഈ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രാബല്യത്തിലാകും.

ഗൈഡ് പ്രകാരം എല്ലാ സാങ്കേതിക വ്യവസ്ഥകളും ജി.സി.സി. അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇറക്കുമതിചെയ്യുന്ന ഭക്ഷ്യവസ്തുക്കളില്‍ നടപ്പാക്കും. ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് മതപരമായ വ്യവസ്ഥകള്‍ (ഹലാല്‍) പാലിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. അതേസമയം വ്യക്തിഗത ഉപയോഗത്തിനായുള്ള ഭക്ഷ്യവസ്തുക്കളിലും മറ്റും ഇത് ബാധകമല്ല. ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളില്‍ നിര്‍മാണ വിവരങ്ങളും നല്‍കണം.

കസ്റ്റംസ് ഡിക്ലറേഷന്‍, വാണിജ്യ രജിസ്‌ട്രേഷന്‍, ആരോഗ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്, ഹലാല്‍ വ്യവസ്ഥകള്‍ പ്രകാരമാണ് ഇറച്ചി മുറിച്ചതെന്നതിന്റെ തെളിവ് എന്നിവയെല്ലാം ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിര്‍ബന്ധമാക്കി. അതേസമയം പരിശോധനാ വേളയിലും കസ്റ്റംസ് ക്ലിയറന്‍സ് സമയത്തും ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ ജപ്തിചെയ്യും. ഹലാല്‍ കാലാവധി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഭക്ഷ്യ ഉത്പന്നങ്ങളും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലും ഉത്പന്നങ്ങള്‍ ജപ്തി ചെയ്യും. കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ ആരോഗ്യസര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇറക്കുമതിയെങ്കില്‍ അവയുടെ ഇറക്കുമതി നിരോധിക്കുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്യും.