ദോഹ: കാര്‍ഷിക, കന്നുകാലി മേഖലകളില്‍ ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മികച്ച പിന്തുണയുമായി കൂടുതല്‍ പ്രാദേശികഫാമുകള്‍ രംഗത്ത്.

160 കോടി റിയാല്‍ ചെലവിട്ട് രാജ്യത്തെ ഏറ്റവും വലിയ സമഗ്രമായ കോഴിവളര്‍ത്തല്‍ ഫാം തുടങ്ങാനുള്ള പദ്ധതിയാണ് കഴിഞ്ഞദിവസം പ്രാദേശിക കമ്പനിയായ ദാര്‍ അല്‍ റയാന്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചത്.
 
കമ്പനിയുടെ അനുബന്ധസ്ഥാപനമായ അല്‍ റയാന്‍ പോള്‍ട്രി ഫാമാണ് ഭക്ഷ്യസുരക്ഷയ്ക്ക് മികച്ച പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ കോഴിവിപണിയില്‍ വിപ്ലവകരമായ മാറ്റത്തിനാണ് പുതിയ പദ്ധതി തയ്യാറെടുക്കുന്നത്.

ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030-ലേക്ക് മികച്ച സംഭാവന നല്‍കുകയാണ് ലക്ഷ്യമെന്ന് കമ്പനി ചെയര്‍മാന്‍ ശൈഖ് സുഹെയ് ബിന്‍ ഖാലിദ് അല്‍താനി പറഞ്ഞു. പ്രതിവര്‍ഷം 70,000 ടണ്‍ ബ്രോയിലര്‍ കോഴി ഇറച്ചിയും 25 കോടി മുട്ടയും ഉത്പാദിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 
നിലവിലേയും ഭാവിയിലേയും വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ രാജ്യത്തെ ഏറ്റവും വലിയ കോഴിവളര്‍ത്തല്‍ ഫാമാണ് നിര്‍മിക്കുന്നത്. ഇതിനായി ഒന്നരക്കോടി ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ സ്ഥലവും തയ്യാറാക്കിക്കഴിഞ്ഞു.
 
കമ്പനിയുടെ മറ്റൊരു അനുബന്ധസ്ഥാപനമായ അല്‍ റയാന്‍ ഫുഡ് കമ്പനി രാജ്യത്തെ ഏറ്റവും വലിയ ക്ഷീരഫാം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏഴായിരത്തോളം പശുക്കളെയാണ് വിദേശരാജ്യങ്ങളില്‍നിന്ന് ഇതിനായി ഇറക്കുമതിചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
 
നേരത്തെ പ്രാദേശിക ക്ഷീര ഉത്പാദന കമ്പനിയായ ബലദ്‌നയും ഏപ്രിലോടെ 300 ടണ്‍ പാല്‍ ഉത്പാദിപ്പിച്ചുകൊണ്ട് ക്ഷീരവിപണിയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.