Dohaദോഹ: ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ ഇ-വ്യാപാരം 400 കോടി റിയാലിലെത്തിയതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി.  ഓണ്‍ലൈന്‍ തുര്‍ക്കിഷ് സൂഖിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ-വ്യാപാരത്തിലെ 25 ശതമാനം ഉത്പന്നങ്ങളും ഖത്തര്‍ എയര്‍വേയ്‌സ് വഴിയാണ് എത്തുന്നത്. 14 ശതമാനം കാര്‍ഗോ മറ്റ് ഖത്തറി കമ്പനികളും അവശേഷിക്കുന്നവ വിദേശ കമ്പനികളുമാണ് വിതരണം ചെയ്യുന്നത്.
 
ഇ-വ്യാപാരം വികസിപ്പിക്കുന്നതില്‍ രാജ്യം അതീവ ശ്രദ്ധചെലുത്തുന്നുണ്ട്. 2022-ഓടെ ഇ-വ്യാപാരം ആയിരം കോടി റിയാലാണ് ലക്ഷ്യമിടുന്നതെന്നും അല്‍ സുലൈത്തി പറഞ്ഞു. ഇ-വ്യാപാരത്തിനായി ഖത്തറി കമ്പനികളെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ-വ്യാപാരത്തില്‍ പ്രവേശിക്കാന്‍ 150-ഓളം പ്രാദേശിക കമ്പനികള്‍ തയ്യാറെടുക്കുന്നുണ്ട്. ഭാവിയിലേക്കായി അയ്യായിരത്തോളം കമ്പനികളെ പരിശീലിപ്പിക്കുമെന്നും അല്‍ സുലൈത്തി പറഞ്ഞു.

ഖത്തറും തുര്‍ക്കിയും തമ്മിലുള്ള വ്യാപാരവും സൗഹൃദവും കൂടുതല്‍ ശക്തമാക്കിയാണ് ഖത്തര്‍ പോസ്റ്റും തുര്‍ക്കിഷ് പോസ്റ്റും സംയുക്തമായി രാജ്യത്ത് ഓണ്‍ലൈന്‍ തുര്‍ക്കിഷ് സൂഖിന് തുടക്കമിട്ടത്. ഖത്തര്‍ പോസ്റ്റ് (ക്യു പോസ്റ്റ്) ചെയര്‍മാന്‍ ഫലേഹ് അല്‍ നഐമി, തുര്‍ക്കി ഗതാഗത വാര്‍ത്താവിതരണ മന്ത്രി അഹമ്മദ് അര്‍സലന്‍, തുര്‍ക്കിഷ് പോസ്റ്റ് മാനേജിങ് ഡയറക്ടര്‍ കെനന്‍ ബൊസ്‌ഗെയിക്, തുര്‍ക്കി സ്ഥാനപതി ഫിക്രെറ്റ് ഒസര്‍ എന്നിവരെല്ലാം ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ ഇ-വ്യാപാരത്തിന്റെ വിപ്ലവകരമായ മാറ്റത്തിനാണ് ഇതോടെ നാന്ദി കുറിച്ചത്. അധികംതാമസിയാതെ ഖത്തറി ഉത്പന്നങ്ങളും ഇ-വ്യാപാരത്തിലൂടെ തുര്‍ക്കിയിലെ ജനങ്ങള്‍ക്ക് വിതരണംചെയ്യാനുള്ള സമാനമായ സര്‍വീസിന് തുടക്കമിടുമെന്നും അല്‍ നഐമി പറഞ്ഞു.

വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ തുര്‍ക്കിയുടെ അമ്പത് ലക്ഷത്തോളം ഉത്പന്നങ്ങളാണ് ഓണ്‍ലൈന്‍ തുര്‍ക്കിഷ് സൂഖില്‍ ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരുലക്ഷത്തോളം ഉത്പന്നങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുക. turkishosuq.qa എന്ന സൂഖ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ അമ്പത് റിയാല്‍ ഷിപ്പിങ് നിരക്കില്‍ ഖത്തര്‍ പോസ്റ്റ് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങളെത്തിക്കും. ഉത്പന്നത്തിന്റെ വിലയും ഓണ്‍ലൈനായി അടയ്ക്കാം. നൂറ് സെന്റിമീറ്റര്‍ വലുപ്പവും പരമാവധി മുപ്പത് കിലോ വരെ തൂക്കവുമുള്ള ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉത്പന്നം മേല്‍വിലാസക്കാരന് ലഭിക്കും.