ദോഹ: നാല് മാസം നീളുന്ന സൂഖ് വാഖിഫിലെ വസന്താഘോഷത്തിന് ഞായറാഴ്ച ഔദ്യോഗിക തുടക്കമായി. ക്രിസ്മസ് ദിനത്തില്‍ ഈ വര്‍ഷത്തെ വസന്താഘോഷത്തിന് അനൗപചാരികമായി തുടക്കമിട്ടിരുന്നു. ഞായറാഴ്ച നൂറുകണക്കിന് കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടുന്ന സന്ദര്‍ശകരുടെ സാന്നിധ്യത്തിലാണ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. സൂഖ് ജനറല്‍ മാനേജര്‍ മുഹമ്മദ് സലിം ആഘോഷം ഉദ്ഘാടനം ചെയ്തു. പ്രൈവറ്റ് എന്‍ജിനീയറിങ് ഓഫീസിലെ സംഘാടക കമ്മിറ്റിയാണ് വസന്താഘോഷത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പേ തുടക്കമിട്ട ആഘോഷത്തില്‍ ഇതുവരെ വൈകുന്നേരങ്ങളില്‍ നല്ല ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. കുട്ടികളും കുടുംബങ്ങളും മാത്രമല്ല രാജ്യത്തേക്കെത്തുന്ന സന്ദര്‍ശകരേയും സൂഖ് വാഖിഫിലെ ആഘോഷങ്ങള്‍ ആകര്‍ഷിക്കുന്നുണ്ട്.

ക്യു.എസ്. സ്‌പോര്‍ട്‌സാണ് മുപ്പതിലധികം ഗെയിമുകള്‍ നടത്തുന്നത്. രാജ്യത്തെ ഈവര്‍ഷത്തെ ഏറ്റവും വലിയ വിനോദ പരിപാടിയാണ് സൂഖ് വാഖിഫിലെ വസന്താഘോഷം. ജനുവരി ഏഴിന് ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ ഷോപ്പ് ഖത്തറിന് തുടക്കമിടുന്നതോടെ വസന്താഘോഷവും ഷോപ്പ് ഖത്തറും കോര്‍ത്തിണക്കിയാകും തുടര്‍ന്നുള്ള ആഘോഷങ്ങള്‍. ഷോപ്പ് ഖത്തറില്‍ സൂഖ് വാഖിഫിലെ നിരവധി വാണിജ്യശാലകളും ഹോട്ടലുകളും പങ്കാളികളാകുന്നുണ്ട്. വസന്താഘോഷത്തിന്റെയും ഷോപ്പ് ഖത്തറിന്റെയും ഭാഗമായി ഷോപ്പിങ്, ഹോട്ടല്‍ പ്രൊമോഷനുകളും തത്സമയ വിനോദ പരിപാടികളും റൈഡുകളും ഗെയിമുകളും തുടങ്ങി അറുപതിലധികം പരിപാടികളാണ് സൂഖില്‍ നടക്കുന്നത്.

നാല്‍പ്പതോളം തത്സമയ പ്രകടനങ്ങള്‍, തെരുവ് കലാ പ്രകടനങ്ങള്‍ എന്നിവ ഫെബ്രുവരിയിലെ ദേശീയ കായികദിനത്തിലും അരങ്ങേറുമെന്ന് ക്യു.എസ്. സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഗാനിം അല്‍ മുഹന്നദി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ ട്രാമ്പോളിന്‍ പാര്‍ക്ക്, കുട്ടികള്‍ക്കായി ഡ്രൈവിങ് സ്‌കൂള്‍, ഓഷന്‍ ബാള്‍ കിഡ്‌സ് കളിസ്ഥലം തുടങ്ങിയവയെല്ലാമാണ് വസന്താഘോഷത്തിലെ ഇത്തവണത്തെ സവിശേഷതകള്‍. മാത്രമല്ല ഖത്തറി പരമ്പരാഗതവും ആധുനികവുമായ രുചിക്കൂട്ടുകള്‍ നിറച്ച ഭക്ഷണ ട്രക്കുകളും സൂഖില്‍ സജീവമാണ്. മുപ്പതോളം അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡുകളാണ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏപ്രില്‍ 25 വരെ നീളുന്നത്. ഉച്ചക്ക് മൂന്ന് മുതല്‍ രാത്രി പതിനൊന്ന് വരെയാണ് ആഘോഷം. പ്രവേശനം സൗജന്യമാണ്.