ദോഹ: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആഹ്വാനം ചെയ്ത് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.

പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി നാല് ദിവസത്തെ ഗള്‍ഫ് പര്യടനം കഴിഞ്ഞ് വ്യാഴാഴ്ചയാണ് ടില്ലേഴ്‌സണ്‍ മടങ്ങിയത്. പ്രശ്‌നപരിഹാരത്തിനായി കുവൈത്തിനൊപ്പം സമഗ്രചര്‍ച്ച നടത്തിയ ശേഷമാണ് ടില്ലേഴ്‌സണ്‍ മടങ്ങിയത്.
 
സൗദി, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ടാമതും ദോഹയിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ചര്‍ച്ചയിലെ ഉള്ളടക്കം വിശദീകരിച്ച ശേഷമാണ് ടില്ലേഴ്‌സണ്‍ മടങ്ങിയത്. അമീറുമായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുമായും നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് കാബിനറ്റ് കാര്യമന്ത്രി ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍ മുബാറക് അല്‍ സബയും പങ്കെടുത്തിരുന്നു.

രാജ്യങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നാണ് ടില്ലേഴ്‌സണ്‍ കരുതുന്നതെന്ന് യു.എസ്. സ്റ്റേറ്റ് വക്താവ് ഹീതര്‍ ന്യൂയോര്‍ട്ട് പറഞ്ഞു. ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹീതര്‍ വ്യക്തമാക്കിയെങ്കിലും എന്ന് നടക്കുമെന്നത് വെളിപ്പെടുത്തിയില്ല.
 
ടില്ലേഴ്‌സന്റെ പര്യടനത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ഒരു അടിത്തറ രൂപപ്പെടുമെന്ന് നേരത്തെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. യു.എസ്., യു.കെ. സൗദി സഖ്യം എന്നിവരുള്‍പ്പെടുന്ന അടുത്ത ചര്‍ച്ചക്ക് ശേഷമാകും ഒരുപക്ഷേ സൗദി സഖ്യം ചര്‍ച്ചക്ക് തയ്യാറാവുകയെന്നായിരുന്നു വിലയിരുത്തല്‍.

അതേസമയം ടില്ലേഴ്‌സന്റെ വരവ് പരാജയപ്പെട്ടില്ലെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായും കുവൈത്തുമായും സഹകരിച്ച് ഖത്തര്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങളെ കാണാതെ ടില്ലേഴ്‌സണ്‍ മടങ്ങിയതോടെ ചര്‍ച്ച പരാജയമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്.
 
തുര്‍ക്കി സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് അമീറിന്റെ മധ്യസ്ഥ ശ്രമങ്ങളെയും അമേരിക്ക നല്‍കുന്ന പിന്തുണക്കും വിദേശകാര്യമന്ത്രി നന്ദി അറിയിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചക്ക് സദാ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
 
പരസ്​പര ബഹുമാനത്തോടെയുള്ള തത്ത്വങ്ങളുടെയും രാജ്യത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടേയും അടിസ്ഥാനത്തിലുള്ള സംവാദത്തിലൂടെ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. സൗദി സഖ്യം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളിലും ഇത് സംബന്ധിച്ചുള്ള തെളിവുകളോടുകൂടി ചര്‍ച്ചക്ക് തയ്യാറാണെന്നും വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി.

ടില്ലേഴ്‌സന്റെ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. അമേരിക്കയുടെ അതുവരെയുണ്ടായിരുന്ന നിലപാടിന് പുതിയൊരുമുഖം കൂടി നല്‍കുന്നതായിരുന്നു ടില്ലേഴ്‌സന്റെ വരവ്. കുവൈത്ത് അമീറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടില്ലേഴ്‌സണ്‍ ദോഹയിലെത്തിയത്. തീവ്രവാദികള്‍ക്ക് സഹായധനം നല്‍കുന്നതിനെതിരെ പോരാടാനുള്ള കരാറില്‍ ഒപ്പുവെച്ച ശേഷമാണ് അദ്ദേഹം സൗദിക്ക് തിരിച്ചത്.
 
കുവൈത്ത് കാബിനറ്റ് മന്ത്രിക്കൊപ്പം അപ്രതീക്ഷിതമായി ടില്ലേഴ്‌സണ്‍ തിരികെ ദോഹയിലെത്തിയപ്പോള്‍ പ്രശ്‌നത്തില്‍ നിര്‍ണായക ചുവടുവെയ്പ് നടത്തിയെന്ന ധാരണ പടര്‍ന്നിരുന്നു. മാധ്യമങ്ങളെ കാണാതെ ടില്ലേഴ്‌സണ്‍ മടങ്ങിയതോടെയാണ് ചര്‍ച്ച പരാജയമെന്ന വാര്‍ത്ത പടര്‍ന്നത്. എന്നാല്‍ അധികം താമസിയാതെ പ്രശ്‌നം മുഖാമുഖം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകുമെന്ന ശുഭപ്രതീക്ഷ നല്‍കിയാണ് അദ്ദേഹം മടങ്ങിയതെന്ന് ഖത്തര്‍ വ്യക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളിലായി ഫ്രഞ്ച് വിദേശകാര്യമന്ത്രിയും ഖത്തര്‍, കുവൈത്ത്, സൗദി സന്ദര്‍ശനം നടത്തുന്നുണ്ട്.