ദോഹ: നാല് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന് ശേഷം യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ അമേരിക്കയ്ക്ക് മടങ്ങി. ഖത്തറും സൗദി സഖ്യവും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായാണ് തിങ്കളാഴ്ച ടില്ലേഴ്‌സന്റെ ഗള്‍ഫ് പര്യടനം തുടങ്ങിയത്.
 
പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് അമീറിനെയാണ് ടില്ലേഴ്‌സണ്‍ ആദ്യം സന്ദര്‍ശിച്ചത്. ചൊവ്വാഴ്ച ദോഹയിലെത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ബുധനാഴ്ച സൗദിയില്‍ സല്‍മാന്‍ രാജാവുമായും സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപത് വിദേശകാര്യമന്ത്രിമാരുമായും ടില്ലേഴ്‌സണ്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷം വ്യാഴാഴ്ച വീണ്ടും ദോഹയിലെത്തി അമീറുമായും വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ടില്ലേഴ്‌സണ്‍ മടങ്ങിയത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് ഇരുവരുമായും ചര്‍ച്ച ചെയ്തതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചകളിലെ പുരോഗതി സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, പതിമ്മൂന്ന് ഉപാധികളും അംഗീകരിക്കാതെ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന നിലപാടിലാണ് ഉപരോധ രാജ്യങ്ങളെന്നാണ് സൂചന.

പ്രശ്‌നത്തില്‍ കുവൈത്ത് അമീറിനൊപ്പം മധ്യസ്ഥതവഹിക്കുന്ന അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ ഗള്‍ഫ് പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കണ്ടത്. മികച്ച സാഹചര്യത്തില്‍ വീണ്ടും കാണാമെന്നാണ് ടില്ലേഴ്‌സണെ യാത്രയാക്കാനായി ഹമദ് വിമാനത്താവളത്തിലെത്തിയ അമീറിന്റെ സഹോദരന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പ്രതികരിച്ചത്. ചൊവ്വാഴ്ച ദോഹ സന്ദര്‍ശനത്തിനിടെയാണ് ദോഹയും അമേരിക്കയും തമ്മില്‍ തീവ്രവാദധനസഹായത്തിനെതിരെ ധാരണാപത്രം ഒപ്പുവെച്ചത്. നിലവിലെ പ്രതിസന്ധിയില്‍ ഖത്തറിന്റെ നിലപാട് യുക്തിസഹമാണെന്നും ടില്ലേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

ടില്ലേഴ്‌സണിന്റെ പര്യടനത്തിന് തൊട്ടുപിന്നാലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യുവെസ് ലി ഗ്രിയാന്റെ ഗള്‍ഫ് പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. ടില്ലേഴ്‌സന്റെ സന്ദര്‍ശനത്തിന് മുമ്പായി തുര്‍ക്കി, ജര്‍മനി, ബ്രിട്ടന്‍ വിദേശകാര്യമന്ത്രിമാര്‍ ഉപരോധ രാജ്യങ്ങളും ഖത്തറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.