ദോഹ: രാജ്യത്തെ ഏറ്റവുംവലിയ വാണിജ്യ, വിനോദ കേന്ദ്രമായ ദോഹ ഫെസ്റ്റിവല്‍ സിറ്റി ഏപ്രില്‍ അഞ്ചിന് തുറക്കും.

650 കോടി റിയാല്‍ ചെലവിട്ടാണ് മാള്‍ യാഥാര്‍ഥ്യമാക്കുന്നത്. നേരത്തേ ഒന്നിലധികം തവണ ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. 2,44,000 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് ഫെസ്റ്റിവല്‍ സിറ്റിക്കുള്ളില്‍ ഒരുക്കുന്നത്.

85 റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം ഷോപ്പുകളും സിനിമാശാലകളും സ്‌നോപാര്‍ക്കും ആംഗ്രിബേഡ് തീം പാര്‍ക്കും ഇ-സ്‌പോര്‍ട്‌സ് ഗെയിമിങ് അറീന, എഫ്. 1, ഫൈറ്റ് സിമുലേറ്ററുകള്‍ എന്നിവയും മാളില്‍ ഉണ്ടാകും. 8000 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യമാണുള്ളത്. 4.33 ലക്ഷം ചതുരശ്ര മീറ്ററിലായാണ് പദ്ധതി. ദോഹയുടെ വടക്ക് ശമാല്‍ റോഡിലാണ് ഫെസ്റ്റിവല്‍ സിറ്റി സ്ഥിതിചെയ്യുന്നത്. ഉദ്ഘാടനവര്‍ഷം ഇരുപത് ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. മാളിന്റെ തെക്കുഭാഗത്തെ ഫുഡ്‌കോര്‍ട്ട് ഏപ്രിലില്‍ തുറക്കും. രണ്ടാംപാദത്തില്‍ തീം പാര്‍ക്കും പ്രവര്‍ത്തനസജ്ജമാകും.