ദോഹ: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ രാജ്യം സദാ ജാഗ്രത പുലര്‍ത്തുകയും തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം.

സൈബര്‍ കുറ്റവാളികള്‍ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളായ എണ്ണ, വാതക മേഖലയും ബാങ്കിങ് മേഖലയെയുമാണ്. ഏതുതരം സൈബര്‍ അക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ഉചിതമായ നടപടികളാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയത്തിലെ സൈബര്‍ സെക്യൂരിറ്റി അസി. അണ്ടര്‍സെക്രട്ടറി എന്‍.ജി. ഖാലിദ് അല്‍ ഹാഷിമി പറഞ്ഞു. ഉചിതമായ പ്രതിരോധ നടപടികളിലൂടെ സൈബര്‍ ആക്രമണത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സൈബര്‍ സുരക്ഷാ വകുപ്പിലെ ഗവേഷണവിഭാഗം സദാ ജാഗ്രത പുലര്‍ത്തുന്നുണ്ട്. 2011-ലാണ് ത്രെട്ട് മോനിറ്ററിങ് സിസ്റ്റം (ടി.എം.എസ്.) സൈബര്‍ സുരക്ഷാ വകുപ്പ് സ്വന്തമായി വികസിപ്പിച്ചെടുത്തത്. അന്താരാഷ്ട്ര കേന്ദ്രങ്ങളില്‍ നിന്നുള്ള സാധ്യതാ ഭീഷണികളുടെ വിവരങ്ങള്‍ ശേഖരിച്ച് അവ വിലയിരുത്തി സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ടി.എം.എസിന്റെ പ്രവര്‍ത്തനം.

സൈബര്‍ ഭീഷണി, അപകടം, വിലയിരുത്തല്‍, റിപ്പോര്‍ട്ട്, മാര്‍ഗനിര്‍ദേശം, സൈബര്‍ സംബന്ധമായ സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സൈബര്‍ സുരക്ഷാ വകുപ്പ് വാരാന്ത്യ റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ട്. ഡൊമെയ്ന്‍ നെയിം സിസ്റ്റം റെക്കോഡ് അനാലിസിസ് സംശയാസ്​പദവമായ ഡൊമെയ്‌നുകള്‍ തിരിച്ചറിയുകയും കൃത്യമായ വിവരങ്ങള്‍ നല്‍കുകയും ചെയ്യും. പൗരന്മാരുടെയും പ്രവാസികളുടെയും കമ്പനികളുടെയും ഇലക്ട്രോണിക് വ്യാപാരങ്ങള്‍ ഇ-സര്‍ട്ടിഫിക്കേഷനിലൂടെയും സിഗ്നേച്ചര്‍ സേവനത്തിലൂടെയും സുരക്ഷിതമാക്കും. ഇവ ഇടപാടുകളുടെ സമഗ്രതയും സ്വകാര്യതയും ആധികാരികതയും ഉറപ്പാക്കുന്നുണ്ടെന്നും അല്‍ ഹാഷിമി പറഞ്ഞു.

സൈബര്‍ ഭീഷണികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സൈബര്‍ സെക്യൂരിറ്റി നാഷണല്‍ ഡ്രില്‍ നടത്താന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സൈബര്‍ അക്രമണം ഉണ്ടായാല്‍ 44933408 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.