ദോഹ: കായിക സാംസ്‌കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധകേന്ദ്രങ്ങളില്‍ സാംസ്‌കാരികപരിപാടികള്‍ക്ക് തുടക്കമായി. മന്ത്രാലയത്തിലെ കലാ-സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഖത്തര്‍ നാഷണല്‍ തിയേറ്റര്‍, ദോഹ കോര്‍ണിഷ്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയത്. ഖത്തര്‍ മാള്‍, എസ്ദാന്‍ മാള്‍, വില്ലാജിയോ, ഫെസ്റ്റിവല്‍ മാള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 19 വരെ വ്യത്യസ്ത സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും.

ഖത്തര്‍ മാളില്‍ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ദേശീയഗാനങ്ങളുടെ ആലാപനവും നടന്നു. എസ്ദാനില്‍ ചൊവ്വാഴ്ച കുട്ടികള്‍ക്കായി വിവിധപരിപാടികള്‍ നടക്കും. ചുമര്‍ചിത്രരചന, ശില്പശാല, ആര്‍ട്ട് ഗാലറി, സാംസ്‌കാരിക, വിനോദപരിപാടികള്‍, കരകൗശലമേള തുടങ്ങിയ നടക്കും. രാവിലെ പത്തുമുതല്‍ 12 വരെയും വൈകിട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതുവരെയുമാണ് പരിപാടി. കൂടാതെ ദേശീയഗാനം, നാടന്‍പാട്ടുകള്‍ എന്നിവയും അവതരിപ്പിക്കും.