ദോഹ: പ്രവാസി മനസ്സുകളില്‍ ദേശഭക്തി ഉണര്‍ത്തിയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐ.സി.സി.) സാംസ്‌കാരിക മേള ശ്രദ്ധേയമായി.

ഇന്ത്യയുടെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് അല്‍ വഖ്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സാംസ്‌കാരിക മേള നടത്തിയത്. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള സാംസ്‌കാരികമേളയില്‍ പ്രവാസി കൂട്ടായ്മകളും സ്‌കൂള്‍ വിദ്യാര്‍ഥികളുമാണ് കലാ, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചത്.
 
സ്വാതന്ത്ര്യ സമരചരിത്രവും സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതവും പ്രമേയമാക്കി വര്‍ണാഭമായ പരിപാടികളാണ് നടന്നത്. ടിപ്പു സുല്‍ത്താന്റെ ജീവിതവും ക്വിറ്റ് ഇന്ത്യ സമരവും ജാലിയാന്‍ വാലാബാഗ് സ്മരണകളും ബംഗാളി സ്വാതന്ത്ര്യ സമര സേനാനികളുമെല്ലാം അരങ്ങിലെത്തി. വനിതാ സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള പ്രത്യേകപരിപാടിയും ശ്രദ്ധേയമായി. ദേശഭക്തിഗാനങ്ങളും സാംസ്‌കാരിക നൃത്തവും മേളയെ വര്‍ണാഭമാക്കി. ത്രിവര്‍ണ ശോഭയിലുള്ള വസ്ത്രങ്ങളിലാണ് കലാകാരന്മാര്‍ വേദിയിലെത്തിയത്.

ഐ.സി.സി. പ്രസിഡന്റ് മിലന്‍ അരുണിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജൂട്ടാസ് പോള്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര മന്ത്രാലയം കമ്യൂണിറ്റി പോലീസിങ് മേധാവി കേണല്‍ ഗാനിം സാദ് അല്‍ ഖയാറിന്‍, ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മന്‍സൂര്‍ അല്‍ അന്‍സാരി, സി.കെ. കൃഷ്ണന്‍, മനാര്‍ ഖലീഫ അല്‍മുറൈഖ് എന്നിവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണിക പി. കുമരന്‍ പ്രകാശനം ചെയ്തു.

ഐ.സി.സി.യുടെ വിവിധ മത്സരങ്ങളിലെ വിജയികളായ ഡിമ്പിള്‍ വര്‍മ, ബി. ശ്രീശങ്കരി, കിഷോര്‍ വെങ്കടേഷന്‍, ദേവേന്ദ്ര മിശ്ര എന്നിവര്‍ക്ക് സ്ഥാനപതി പി. കുമരന്‍, ആനി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.ബി.എസ്.ഇ. പരീക്ഷയില്‍ സയന്‍സ്, കൊമേഴ്‌സ് വിഷയങ്ങളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഐ.സി.സി.-കെ.സി. വ ര്‍ഗീസ് മെമ്മോറിയല്‍ പുരസ്‌കാരം തന്‍സിഹ അബ്ദുല്‍ ഗഫൂര്‍ (എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂള്‍), അനുഗ്രഹ അരുണ്‍ പുത്തന്‍പുറ (ദോഹ മോഡേണ്‍), മറിയം മുഹമ്മദ് അലി (എം.ഇ.എസ്.), പരംകാര്‍തിക് കുമാര്‍ താക്കര്‍ (ഡി.പി.എസ്.-എം.ഐ.എസ്.) എന്നിവര്‍ക്ക് വിതരണം ചെയ്തു.

ഐ.സി.സി. ഭാരവാഹികളായ എ.പി. മണികണ്ഠന്‍, അന്‍ജന്‍ ഗാംഗുലി, കെ.എസ്. പ്രസാദ്, നിയാസ് അഹമ്മദ്, ഗിരീഷ് ജെയിന്‍, അഡ്വ. ജാഫര്‍ഖാന്‍, ഡോ. നയന വാഗ്, വിശാല്‍ മെഹ്ത, ശ്രീരാജവിജയന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.