ദോഹ: വ്യോമ യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി.

യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യോമ ഗതാഗതം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ്സ് ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ നാസ്സര്‍ തുര്‍ക്കി അല്‍ സുബെയ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
എട്ടാമത് വ്യോമ ഗതാഗത കരാറില്‍ ഈ വര്‍ഷം ഒപ്പുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. ലാറ്റിനമേരിക്ക, ബല്‍ക്കാന്‍സ് തുടങ്ങി കൂടുതല്‍ പ്രധാന കേന്ദ്രങ്ങളിലേക്ക് ഇതാദ്യമായി വിപണി തുറക്കാന്‍ രാജ്യത്തിന് പുതിയ കരാറിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ വെല്ലുവിളികളെ വിലയിരുത്തി കൊണ്ട് തന്നെ വര്‍ഷത്തിന്റെ ബാക്കി മാസങ്ങളില്‍ കൂടുതല്‍ പ്രതീക്ഷകളാണ് വ്യോമ മേഖലയില്‍ രാജ്യത്തിനുള്ളത്. വ്യോമ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
 
2022 ഫിഫ ലോകകപ്പിന്റെയും സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണവും വ്യോമ മേഖല്യ്ക്ക് ഉണര്‍വേകും. പ്രതിവര്‍ഷം 5.3 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തരത്തിലേക്കാണ് വിപുലീകരണം സാധ്യമാക്കുന്നത്.

ദേശീയ വ്യോമ കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സിന് കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വിപുലീകരിക്കാന്‍ വേണ്ട പിന്തുണ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്ററോളജിക്കല്‍ സംവിധാനം നവീകരിക്കാനും പദ്ധതിയിടുന്നുണ്ട്. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടനയുടെ കീഴില്‍ മോണ്‍ട്രിയയില്‍ പുതിയ ഓഫീസ് തുടങ്ങാനും പദ്ധതിയുണ്ടെന്നും അല്‍ സുബെയ് വെളിപ്പെടുത്തി.