മനാമ: സാംസ്‌കാരിക കേരളത്തിന് ഉണര്‍വും പുതിയ ദിശാബോധവും നല്‍കാനുതകുന്ന നയങ്ങളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കേരള സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കേരള സര്‍ക്കാറിന് കീഴിലുള്ള മലയാളം മിഷന്റെ ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

സാംസ്‌കാരിക രംഗത്ത് പുതിയ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിന്റെ പ്രോജക്ട് ജോലികള്‍ക്ക് തുടക്കമായിട്ടുണ്ട്. തിരുവനന്തപുരത്ത് ഫിലിംസിറ്റി, ഗ്രാമങ്ങളില്‍ തിയേറ്ററുകള്‍ എന്നിവയ്ക്കായുള്ള പ്രവര്‍ത്തനവും തുടങ്ങിയിട്ടുണ്ട്. നൃത്തം, കഥകളി, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ പഠിച്ചിറങ്ങുന്നവരില്‍ യോഗ്യരായവര്‍ക്ക് ഫെലോഷിപ്പ് നല്‍കിവരുന്നുണ്ട്.

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളി സമൂഹത്തിന്റെ ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനാണ് മലയാളം മിഷന്‍ ഓരോ രാജ്യത്തും പ്രത്യേക ചാപ്റ്റര്‍ തുടങ്ങുന്നതെന്ന് അവര്‍ പറഞ്ഞു. സമാജം ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് പങ്കെടുത്തു. പ്രവാസലോകത്തേക്ക് കുടിയേറിയ ഓരോ മലയാളിയിലും കേരളത്തിന്റെ ഭാഷയും സംസ്‌കാരവും ഉണ്ടെന്ന് അവര്‍ പറഞ്ഞു. സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ വെമ്പല്‍കാട്ടുന്ന മലയാളി സമൂഹത്തെയാണ് ഗള്‍ഫ് നാടുകളില്‍ കാണാന്‍ കഴിഞ്ഞതെന്നും സൂസന്‍ ജോര്‍ജ് പറഞ്ഞു.

സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതം പറഞ്ഞു. സാഹിത്യവിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ് പാഠശാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ബഹ്‌റൈനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി. രാധാകൃഷ്ണപിള്ള കോ-ഓര്‍ഡിനേറ്ററായി 25 അംഗങ്ങള്‍ അടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചു. ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സംഘടന പ്രതിനിധികളെയും പാഠശാല പ്രവര്‍ത്തകരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രദീപ് പതേരി പരിപാടികള്‍ നിയന്ത്രിച്ചു. വിജയന്‍ കാവില്‍ നന്ദി പറഞ്ഞു.